കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന്റെ ​പേരിനെതിരെ ഹൈക്കോടതിയിൽ ഹർജി. കൊല്ലം അഞ്ചൽ സ്വദേശിയായ എ.എസ്. ആഷിഷ് ആണ്  കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേരിട്ടതിനെതിരെ ഹൈകോടതിയിൽ ഹർജിനൽകിയത്.  പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് ഹർജിക്കാരന്റ വാദം.
ഹർജിയിൽ പറയുന്നത്:
‘‘ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ദേശഭക്തിഗാനം, ഓട്ടംതുള്ളൽ, ക്വിസ്, ചിത്രരചന തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായി സംസ്ഥാനത്തെ യുവാക്കൾക്കിടയിലുള്ള കലാ, സാംസ്കാരിക കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തണത്തെ കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
 ‘തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദ. ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികൾ ഈ പദമുപയോഗിക്കുന്നു. ഇസ്രയേലും പലസ്തീനുമായി ഗാസയിൽ ഉടലെടുത്ത സംഘർഷത്തോട് അനുബന്ധിച്ച് പലസ്തീൻകാർ ഉപയോഗിച്ച വാക്കാണിത്. ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇൻതിഫാദ.
ഇസ്രയേലിനു മേൽ പലസ്തീന്റെ സ്കാർഫ് വീണു കിടക്കുന്നതാണ് കലോത്സവ ലോഗോയിലുള്ളത്. ഒരു യുവജനോത്സവം കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. യൂത്ത് ഫെസ്റ്റിവലിൽ രാഷ്ട്രീയത്തിനോ ആഗോള രാഷ്ട്രീയത്തിനോ സ്ഥാനമില്ല. ഇസ്രയേൽ–പലസ്തീൻ സംഘർഷമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടത്.
‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന് ലോഗോയ്ക്കൊപ്പം ചേർത്തിരിക്കുന്നത് ഒരു സാംസ്കാരികോത്സവത്തിന് ഒട്ടും ചേർന്നതല്ല. മറിച്ച് ഇത് വിദ്യാർഥി സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. അവരിൽ നിന്ന് സാഹോദര്യം നഷ്ടമാകും. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഐക്യം ഇല്ലാതാകും.
രാഷ്ട്രപുനർനിര്‍മാണത്തിന് ഇത് തിരിച്ചടിയാകും. പലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ മെച്ചപ്പെട്ട ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ ഒരു സര്‍ലകലാശാല യുവജനോത്സവത്തിൽ ഒരു രാജ്യത്തിനുപരിയായി മറ്റൊരു രാജ്യത്തെ തിരഞ്ഞെടുക്കുന്നത് ശരിയല്ല. അതുെകാണ്ട് മാർച്ച് 4 മുതൽ 11 വരെ നടക്കുന്ന യുവജനോത്സവത്തിൽ ഈ ലോഗോയും എഴുത്തും ഉപയോഗിക്കുന്നത് വിലക്കണം.’’

By admin

Leave a Reply

Your email address will not be published. Required fields are marked *