ഡല്‍ഹി: രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്ന പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചത്. ഇതോടെ സോളാര്‍ സബ്സിഡി പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാനുള്ള വഴി തെളിഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ‘പിഎം സൂര്യ ഘര്‍ യോജന’ക്ക് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
ഈ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം രാജ്യത്തെ ഒരു കോടി കുടുംബങ്ങളുടെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മൊത്തം 75,021 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ എല്ലാ ജില്ലയിലും മാതൃകാ സൗരോര്‍ജ ഗ്രാമങ്ങളും വികസിപ്പിക്കും.
ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി സൂര്യ ഘര്‍ യോജന ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും. ഇതോടൊപ്പം വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ ചെലവ് കുറയ്ക്കാന്‍ ഈ പദ്ധതിയില്‍ സബ്സിഡി അയക്കാനും കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
റൂഫ്ടോപ്പ് സോളാര്‍ പാനലുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരു കിലോവാട്ട് പാനലിന് 30,000 രൂപയും 2 കിലോവാട്ട് പാനലിന് 60,000 രൂപയും സബ്സിഡി ലഭിക്കും. അതേസമയം 3 കിലോവാട്ട് അല്ലെങ്കില്‍ അതിന് മുകളിലുള്ള സംവിധാനങ്ങള്‍ക്ക് 78000 രൂപ സബ്സിഡി ലഭിക്കും.