തിരുവനന്തപുരം: രാജ്യത്തെ മതേതരത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്ന ഇന്ത്യാ മുന്നണി സർക്കാർ ഇത്തവണ അധികാരത്തിൽ എത്തിയില്ലെങ്കിൽ എല്ലായിടത്തും മണിപ്പൂർ ആവർത്തിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.രേവന്ത് റെഡ്ഡി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1981-ൽ മാത്രം രൂപീകൃതമായ ബിജെപിക്ക് രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ കുറിച്ച് ധാരണയില്ല.ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷികളായവരാണ്.ഇപ്പോൾ രാഹുൽ ഗാന്ധി നടത്തുന്ന സഹന സമരവും രാജ്യത്തിനു വേണ്ടിയാണ്. മോദിയും അമിത് ഷായും അവരുടെ പാർട്ടിയും രാജ്യത്തിനു വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോയെന്ന് നിങ്ങൾ ചോദിക്കണം.
ഇന്ത്യയെ വിഭജിക്കുക, ജനങ്ങളെ വിഭജിക്കുക, കുടുംബങ്ങളെ വിഭജിക്കുക – വിഭജനത്തിലുടെ അധികാരത്തിലെത്തുകയാണ് അവരുടെ ലക്ഷ്യം. പാർലമെന്റിൽ മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് മുൻപിൽ നിൽക്കുന്നവരാണ് കേരളത്തിൽ നിന്നുള്ള എംപിമാർ. വീണ്ടും എംപിമാർ 20 അംഗ സഘമായി പാർലമെന്റിൽ എത്തണം. തെലുങ്കാനയിൽ ഇതിനുമുമ്പ് ഉണ്ടായിരുന്ന സർക്കാരും കേരളത്തിലെ സർക്കാരും ഒരു പോലെ അഴിമതിക്കാരാണെന്ന് ഇവരെ ഒഴിവാക്കേണ്ടത് നാടിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും എ.രേവന്ത് റെഡ്ഡി പറഞ്ഞു.
എതിർ ശബ്ദത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ വഴിവിട്ട് ഉപയോഗിക്കുകയാണെന്ന് എഐസിസി  ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. 99 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകളാണ്. താങ്ങു വില  ആവശ്യപ്പെട്ട്  കർഷകർ ഇപ്പോഴും ഡൽഹിയിൽ സമരത്തിലാണ്.

കാർഷിക ഉത്പന്നങ്ങൾക്ക് ഉൽപാദന ചിലവിന്റെ ഇരട്ടി എന്നതാണ് മോദി നൽകിയ ഉറപ്പ്. പാലിച്ചില്ലെന്ന് മാത്രമല്ല അവർക്കെതിരെ കരി നിയമങ്ങൾ ഉണ്ടാക്കി. രാഹുൽ ഗാന്ധി അവർക്കൊരു ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് നിശ്ചയിക്കുമെന്ന്. സംസ്ഥാനത്തെ അടിസ്ഥാന വിഭാഗം ജനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കോൺഗ്രസ് നടത്തുന്ന സമര മുന്നേറ്റത്തെ അഭിനന്ദിക്കുന്നുതായും സച്ചിൻ പൈലറ്റ് പറഞ്ഞു.
ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് വിമുക്ത ഭാരതമാണ്. അത് നടക്കാൻ പോകുന്നില്ല. കേരളത്തിൽ വേരോട്ടം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. അതും നടക്കില്ല.ബിജെപി വിമുക്ത കേരളം അത് അങ്ങനെ തന്നെ നിലനിൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു.

ബംഗാളിലെയും കേരളത്തിലെയും കോൺഗ്രസ്, സിപിഎമ്മിനോടാണ് പട വെട്ടുന്നത്. തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, സ്ത്രീകളുടെയും പാർട്ടിയാണെന്ന് സിപിഎം അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ അവർ അങ്ങനെയല്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
കഴിഞ്ഞ ഒമ്പതിന് കാസർഗോഡ് നിന്ന് ആരംഭിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപനം പുത്തരിക്കണ്ടം  മൈതാനത്താണ് നടന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, എം.എം.ഹസ്സൻ, ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി, എംപിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, പൊന്നൻ പ്രഭാകരൻ, ഹർഷ വർദ്ധൻ, വിശ്വനാഥ പെരുമാൾ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *