കോട്ടയം: അമ്പലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ തുരുത്തേല്‍ വീട്ടില്‍ കെ.ആര്. ജയപ്രകാശി(49)നെയാണ് അറസ്റ്റ് ചെയ്തത്.
മണവാളത്ത് ഗണപതി ക്ഷേത്രത്തിലും അയ്യപ്പന്‍കാവ് ക്ഷേത്രത്തിലുമായി നാല് കാണിക്കവഞ്ചികളാണ് ഇയാള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
രാത്രി ആളൊഴിഞ്ഞ വീടുകളില്‍ താമസിച്ച് പള്ളികളും ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇയാള്‍ തിരുവല്ല, റാന്നി, പുളിക്കീഴ്, മാവേലിക്കര, എടത്വാ, കീഴ്വായ്പൂര് എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
കൂടാതെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍പരിധികളില്‍ സമീപദിവസങ്ങളിലായി മോഷണം നടത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വെസ്റ്റ് എസ്.എച്ച്.ഒ എം. ശ്രീകുമാര്‍, എസ്.ഐമാരായ ഐ. സജികുമാര്‍, റിന്‍സ് എം. തോമസ്, ഷിനോജ്, സിജു കെ. സൈമണ്‍, സി.പി.ഒമാരായ ദിലീപ് വര്‍മ, കെ.എം. രാജേഷ്, കെ.എന്‍. രതീഷ്, ശ്യാം എസ്. നായര്‍, സലമോന്‍, കെ.എം. രവീഷ്, ശ്യാംപ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.