വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുന്നെന്നാണ് വിശ്വാസം. പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണമെന്നാണ് വിശ്വാസം.
ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി ദിനം ശിവലിംഗ പൂജ പ്രധാനമാണ്. വ്രതം നോല്‍ക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റ് ചൂടുവെള്ളത്തില്‍ കുളിക്കണം. ക്ഷേത്രത്തിലെത്തി പാലഭിഷേകം തേനഭിഷേകം, ജലധാര എന്നിവയും ദര്‍ശിക്കണം. ഓം നമ ശിവായ മന്ത്രം ഉരുവിട്ട് ശിവലിംഗത്തെ പൂജിയ്ക്കണമെന്നാണ് വിശ്വാസം.
അരി ആഹാരം വര്‍ജിക്കണം. ധാന്യങ്ങള്‍ മുഴുവനായും ഉപേക്ഷിക്കുന്നവരുമുണ്ട്. ഉള്ളി, വെളുത്തുള്ളി എന്നിവയും വര്‍ജിക്കണം. ശിവക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്രത്തില്‍ തന്നെ കഴിയണമെന്നാണ്. പകല്‍ ഉപവാസം നിര്‍ബന്ധമാണ്.