തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് വിജയകരമായ സമാപനം. തുടക്കം മുതല്‍, തിരുവനന്തപുരത്ത് നടത്തിയ സമാപന സമ്മേളനത്തില്‍ വരെ ആവേശത്തോടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമരാഗ്നിയില്‍ അണി ചേര്‍ന്നു. ചെറിയ ചില വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നേതാക്കളും പ്രവര്‍ത്തകരും ഒരേ മനസോടെ ഒറ്റക്കെട്ടോടെ സമരാഗ്നിക്ക് നല്‍കിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസം പകരുന്നതാണ്.
അടുത്തിടെ കേരളം കണ്ട രാഷ്ട്രീയ പ്രക്ഷോഭ പരിപാടികളില്‍ ഏറ്റവും വിജയിച്ചത് സമരാഗ്നിയാണെന്ന് നിസംശയം പറയാം. കഴിഞ്ഞ വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയും, അടുത്തിടെ ബിജെപി നടത്തിയ പദയാത്രയുമെല്ലാം ഏറെ വിവാദങ്ങള്‍ നിറഞ്ഞാണ് അവസാനിച്ചത്.
ഇപി ജയരാജന്റെ അഭാവം, ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കുറിപ്പ്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, സ്വപ്‌നം സുരേഷിന്റെ ആരോപണം, മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ അപമാനിച്ച സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിരവധി വിവാദങ്ങള്‍ ഗോവിന്ദന്റെ യാത്രയുടെ ശോഭ കെടുത്തിയിരുന്നു.
‘എസ്‌സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതും, “അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ” എന്ന പ്രചരണഗാനവും ബിജെപിയുടെ പദയാത്രയ്ക്ക് തിരിച്ചടിയായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന മുഖാമുഖം പരിപാടിയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇവിടെയും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. തൃശൂരില്‍ മുഖാമുഖം പരിപാടിയ്ക്കിടെ ചോദ്യം ഉന്നയിച്ചതിന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതും മുഖാമുഖം പരിപാടിയില്‍ കല്ലുകടിയായി.
കോഴിക്കോട് അടക്കമുള്ള സമീപജില്ലകളില്‍ മുഖാമുഖം പരിപാടിയ്ക്ക് എത്തിയ മുഖ്യമന്ത്രി കാട്ടാന അക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞ വയനാട്ടിലേക്ക് എത്താത്തതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. കാര്യമായ രാഷ്ട്രീയ ചലനങ്ങള്‍ ഉയര്‍ത്താന്‍ ഈ യാത്രകള്‍ക്ക് സാധിച്ചില്ലിന്നിരിക്കെയാണ് സമരാഗ്നി ഇവിടെ പ്രസക്തമാവുന്നത്. കൃത്യമായ സമയങ്ങളില്‍ വിമര്‍ശനങ്ങള്‍ കടുപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും, കൂടുതല്‍ വിവാദങ്ങളില്‍ ചാടാതെ സമരാഗ്നിയെ മുന്നോട്ട് നയിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിനായി.ക്രൈസിസ് മാനേജരായി വി.ഡി. സതീശന്‍
കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം, പത്തനംതിട്ടയില്‍ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് സ്വാഗതമരുളി ആന്റോ ആന്റണിക്ക് പറ്റിയ നാക്കുപിഴ, സമാപനപരിപാടിയില്‍ ദേശീയഗാനം തെറ്റായി പാടിയ പാലോട് രവിക്ക് പറ്റിയ അബദ്ധം തുടങ്ങിയ ചെറുവിവാദങ്ങള്‍ സമരാഗ്നിയിലും സംഭവിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ പ്രതിരോധം തീര്‍ത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യാത്രയിലെ ‘ക്രൈസിസ് മാനേജരാ’കുന്ന കാഴ്ചയാണ് കാണാനായത്.
കെ. സുധാകരന്റെ വാര്‍ത്താസമ്മേളന വിവാദം കൂടുതല്‍ കത്തിപടരാതിരിക്കാന്‍ സതീശന്‍ നടത്തിയ ഇടപെടല്‍ കോണ്‍ഗ്രസിനെ വന്‍ നാണക്കേടില്‍ നിന്നാണ് രക്ഷിച്ചത്. കെ സുധാകരന്റെ പ്രതികരണത്തില്‍ വാര്‍ത്തയാക്കാന്‍ എന്താണുള്ളതെന്നും, വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നുമായിരുന്നു സതീശന്റെ പ്രതികരണം. സുധാകരന്‍ ജ്യേഷ്ഠ സഹോദരനെ പോലെയാണെന്നും പറഞ്ഞ് വിവാദത്തിന്റെ മുനയൊടിക്കാന്‍ സതീശന്‍ ജാഗ്രത കാണിച്ചിരുന്നു.സമരാഗ്നി സമാപന വേദിയിലും സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ സതീശന്‍ പാര്‍ട്ടിക്കുവേണ്ടി രക്ഷകനായി അവതരിച്ചു. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം. എന്നാല്‍ പ്രവര്‍ത്തകര്‍ കൊടുംചൂടില്‍ മണിക്കൂറോളം ഇരുന്നത് ഓര്‍മപ്പെടുത്തിയ സതീശന്‍ ആ വിവാദവും അവിടെ തന്നെ അവസാനിപ്പിച്ചു.