ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടു വന്നത്. നവംബര്‍ 28 ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു അണ്ണന്‍- തമ്പി ഇപ്പോഴുമുണ്ട്. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രിക്കും കേരളത്തിലെ സി.പി.എമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സംഭവം. കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയത്. 
വയനാട് പൂക്കോട് വെറ്റനറി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത്. ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സി.പി.എം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്.എഫ്.ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. 
ടി.പിയുടെ തലച്ചോറ് തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം പറഞ്ഞപ്പോള്‍ ചാലക്കുടിയിലെ എസ്.ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ട് തല്ലുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞത്. കാമ്പസുകളിലെ ക്രിമിനല്‍ സംഘമായി എസ്.എഫ്.ഐ മാറി. സിദ്ധാര്‍ത്ഥിന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായാണ് പൊലീസ് പ്രതികരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നത്? കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാകും. 
ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. ഇവരൊക്കെയാണോ അധ്യാപകര്‍. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *