കോഴിക്കോട്: ”പത്രത്തിന് ഒപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്കാരവും” മലയാളത്തിലെ ഒരു മാധ്യമസ്ഥാപനത്തിൻെറ പരസ്യ വാചകമാണിത്.
വാക്ക് അറം പറ്റുമെന്ന് പറയുന്നത് പോലെ പരസ്യവും അറം പറ്റുമോ ? സാധ്യത തളളിക്കളയേണ്ട, കാരണം  സ്ഥാപനത്തിലെ പുതിയ സംസ്കാരത്തെപ്പറ്റി അത്ര നല്ലതൊന്നുമല്ല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാധ്യമ സ്ഥാപനത്തിൻെറ സർവാധികാര്യക്കാരൻ തന്നെയാണ് പുതിയ സംസ്കാരത്തിൻെറ പ്രചാരക് എന്നാണ് പുറത്തേക്ക് വരുന്ന വിവരം.

സ്ഥാപനത്തിൽ കാൽനൂറ്റാണ്ടിലേറെയായി ജോലി ചെയ്തുവരുന്ന സഹ പത്രാധിപരുടെ പിതൃസ്മരണ നടത്തി കൊണ്ടാണ് ദേശിയ പ്രസ്ഥാനത്തിൻെറ ഭാഗമായി തുടങ്ങിയ മാധ്യമത്തിൻെറ മുഖ്യഎഴുത്താളൻ സ്വന്തം സംസ്കാരം വെളിവാക്കിയത്.

യുറോപ്പിൽ ഉരുവം കൊണ്ട ആംഗലേയ ഭാഷയിൽ പ്രവീണനാണെങ്കിലും കോപം പൂണ്ടപ്പോൾ, മുഖ്യഎഴുത്താളൻ മാതൃഭാഷയെ ഉപേക്ഷിച്ചില്ല, പച്ചമലയാളത്തിൽ തന്നെയായിരുന്നത്രേ പിതൃസ്മരണ.
അല്ലെങ്കിലും മനസിൽ തോന്നുന്നത് യഥാവിധി പ്രതിഫലിപ്പിക്കാൻ മാതൃഭാഷയാണ് നല്ലതെന്ന് ഏത് മനോരഞ്ജൻമാർക്കും അറിയാം.
പക്ഷേ സഹപത്രാധിപ‍ർ മുഖ്യൻെറ സംസ്കാരിക പ്രഭാഷണം എല്ലാം റെക്കോഡ് ചെയ്തുകളഞ്ഞു. ഒരു തരത്തിൽ അതും നന്നായി, ആവശ്യം വന്നാൽ സംസ്കാരം പത്രത്തോടൊപ്പം പ്രചരിപ്പിക്കാമല്ലോ.

റെക്കോ‍ഡ് ചെയ്ത മനോജ്ഞ സംസ്കാരം മുതലാളിമാർക്ക് അയച്ചു കൊടുത്താണ് സഹപത്രാധിപ‍ർ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഓഡിയോ റെക്കോഡ് പുറത്തുപോയാൽ സ്ഥാപനത്തിൻെറ ശ്രേയസിനെ ബാധിക്കുമെന്നായിരുന്നു മുതലാളിയുടെ അപേക്ഷ.

സംസ്കാരം പ്രദർശിപ്പിച്ചയാൾ മുഖ്യ എഴുത്താളനായി പോയത് കൊണ്ട് മുതലാളിയും പെട്ടിരിക്കുകയാണ്. ആദ്യം സ്ഥാപനം വെടിപ്പാക്കി പോയ എഴുത്താളനെ രണ്ടാമൂഴത്തിനായി തെളിച്ച് കൊണ്ടുവന്നത് സ്വന്തം താൽപര്യ പ്രകാരമായത് കൊണ്ട് ഒന്നും ചെയ്യാനും നിവ‍ർത്തിയില്ല.
രണ്ടാം വരവിലും സംസ്കാര സമ്പന്നനായ എഴുത്താളൻെറ സമയം അത്ര നന്നല്ലെന്നാണ് അണിയറ സംസാരം. എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ എന്ന് സിനിമയിലെ വിജയൻ പറഞ്ഞത് എത്ര ശരി. വന്ന വഴിക്ക് പാസ്പോർട്ട് കളഞ്ഞു പോയതായിരുന്നു സമയ ദോഷത്തിൻെറ ആദ്യ സൂചന.
അനേകരുടെ പ്രാർത്ഥന കൊണ്ട് സാധനം കിട്ടി. അതല്ല പേട്ടയിലെ അമ്പലത്തിലെ പൊങ്കാലയാണ് മറഞ്ഞിരുന്ന പാസ്പോർട്ടിനെ പുറത്തെത്തിച്ചതെന്ന് പറയുന്നവരും ഉണ്ട്.
എന്തായാലും മുഖ്യ എഴുത്താളൻെറ സംസ്കാരത്തെപറ്റി മുൻജീവനക്കാർ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ എഴുതുന്നുണ്ട്. മുൻ ഫോട്ടൊഗ്രാഫർ എഴുതിയ പോസ്റ്റ് ഇപ്പോൾ വൈറലാണ്.
പോസ്റ്റിൻെറ പൂ‍ർണ രൂപം…”25 വർഷം ജോലി ചെയ്ത സ്ഥാപനമാണ്. കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ വന്നിട്ടും ആ സ്ഥാപനം വിട്ടുപോവാതിരുന്നത് അതിനുള്ളിലെ താരതമ്യേന ഊഷ്മളമായ ബന്ധങ്ങളും, വലിപ്പ ചെറുപ്പം തീവ്രമായി അനുഭവപെടാത്ത തൊഴിൽ സാഹചര്യങ്ങളുമാണ്.
മുതലാളിമാരെ പോലും സാർ വിളിക്കാതെ സ്ഥാനപ്പേര് വിളിച്ച് സംബോധന ചെയ്ത ഒരു കാലമുണ്ടായിരുന്നു അതിൽ. സമയവും, കാലവും നോക്കാതെ കഠിനാധ്വാനം ചെയ്തവരായിരുന്നു ആസ്ഥാപനത്തിൻ്റെ നട്ടെല്ല്. (ഉഴിച്ചിലുകാർക്കും, തിരുമ്മലുകാർക്കും, വാഴ്ത്തു പാട്ടുകാർക്കും സാമാന്യം നല്ല സ്പെയിസ് സ്ഥാപനത്തിലുണ്ടായിരുന്നു എന്ന കാര്യവും മറക്കുന്നില്ല).
ഇന്നലെ വന്ന് കയറി, സിംഹാസനത്തിലിരിക്കാൻ “അനവസരം” കിട്ടിയ ഒരാൾ പത്തും മുപ്പതും വർഷം സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ജീവനക്കാരെ പച്ചയായി തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് പ്രൊഫഷണലിസം നടപ്പിലാക്കുന്നു.
ഒന്നാമൂഴത്തിൽ ഐശ്വര്യം കെട്ട അൽപ്പത്തരം സ്വയം ബോധ്യമായതാണ്. ഇയാളുടെ രണ്ടാമൂഴത്തിൽ കൂടെ ജോലി ചെയ്യേണ്ടി വന്നില്ല എന്നത് മഹാ സൗഭാഗ്യമായി കരുതുന്നു. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ 25 വർഷമുണ്ട ചോറിന് നന്ദി കാണിച്ചില്ലെന്ന് കുറ്റബോധം തോന്നും.”

By admin

Leave a Reply

Your email address will not be published. Required fields are marked *