കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി’ പൊതുസമ്മേളനത്തില്‍ വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമ പുരസ്കാരം സുനി & ജെനി ദമ്പതികള്‍ക്ക് നല്‍കി. ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ നിലനില്‍പ്പും പ്രകൃതിയുടെ സംരക്ഷണവും ദൈവം മനുഷ്യരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ടെന്നും അതിന് പിന്തുണ നല്‍കുവാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗര്‍ഭഛിദ്രത്തില്‍ നിന്നും കൗണ്‍സിലിങ്  വഴി നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടായ്മ വലിയ സന്തോഷത്തിനും ഐശ്വര്യത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദിച്ചു.
കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്‍റ് ശ്രീ. ജോണ്‍സണ്‍ ചൂരേപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍  സാബു ജോസ്, സെക്രട്ടറി ജെസ്ലിന്‍ ജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോയിസ് മുക്കുടം (കോതമംഗലം), ആന്‍റണി പത്രോസ്  (തിരുവനന്തപുരം), ചെമ്പുമുക്ക് സ്നേഹനിലയം മാനേജര്‍ റവ. സിസ്റ്റര്‍ മേരി, ബേബി ചിറ്റിലപ്പള്ളി (കാഞ്ഞിരപ്പള്ളി) എന്നിവരെയും ‘ചിറക് ‘എന്ന നാടകത്തിന്‍റെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *