തിരുവനന്തപുരം: സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ മുൻ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള സംവിധാനമായ ലോകായുക്ത വെറും അന്വേഷണ കമ്മീഷനുകളുടെ നിലവാരത്തിലേക്ക് താഴുകയാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ സർക്കാർ അന്വേഷണ കമ്മീഷനുകളെ നിയോഗിക്കാറുണ്ട്. എന്നാൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പാക്കണമെന്ന് നിർബന്ധമില്ല. സർക്കാരിന് അവ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. സമാനമായ സ്ഥിതിയിലാണ് ലോകായുക്ത. നിയമഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ ലോകായുക്ത വെറും വെള്ളാനയായി മാറും.
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്തുള്ള ബില്ലാണ് നിയമമാവുന്നത്. 2022ആഗസ്റ്റ് 30ന് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ തടഞ്ഞുവച്ചിരുന്ന ബിൽ, കഴിഞ്ഞ നവംബറിലാണ് ഗവർണർ രാഷ്ട്രപതിക്കയച്ചത്.

നിയമഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപ്പിച്ചാലും മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും ഇനിമുതൽ അപ്പലേറ്റ് അതോറിട്ടി.

മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി. ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉത്തരവുണ്ടായാലും നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ വിധി മറികടക്കാം.
ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് രാഷ്ട്രപതിക്ക് ബിൽ അയച്ചത്. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഒപ്പിടാതിരുന്നത്. 1999ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്. അതിനാലാണ് ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി വേണമെന്നായിരുന്നു ഗവർണറുടെ നിലപാട്.

ബിൽ നിയമമായാൽ സർക്കാരിന് സ്വന്തം കേസിൽ സ്വന്തമായി വിധിപറയാൻ സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും വിലയിരുത്തിയാണ് ഗവർണർ ബില്ലിലൊപ്പിടാതിരുന്നത്.

4.08കോടിരൂപയാണ് ലോകായുക്തയുടെ ഓഫീസ് പ്രവർത്തനത്തിന് പ്രതിവർഷം സർക്കാർ ചെലവിടുന്നത്. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും വാർഷിക ശമ്പളത്തിനും വേണം 56.68 ലക്ഷം. സുപ്രീംകോടതി / ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്ത അടുത്തിടെയായി വിവാദങ്ങളിൽ നിറയുകയാണ്.
കോടതിമുറിയിൽ പേപ്പട്ടി-എല്ലിൻകഷണം ഉപമ ആവർത്തിക്കുകയാണ് ന്യായാധിപന്മാർ. മുഖ്യമന്ത്രിക്കെതിരായ കേസിൽ അന്തിമവിധി പറയാനിരിക്കെ, മുഖ്യമന്ത്രിയുടെ ഇഫ്താർവിരുന്നിൽ പങ്കെടുത്തതും വിവാദമായി.
വഴിയിൽ നിൽക്കുന്ന പേപ്പട്ടിയുടെ വായിൽ കോലിട്ട് കുത്താതെ മാറിപ്പോവുകയാണ് നല്ലതെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നാണ് ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിലെ പരാതിക്കാരനോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. ”വഴിയരികിൽ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന നായയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും. നായ എല്ല് കടിച്ച് കൊണ്ടേയിരിക്കും. നായ എല്ലുമായി ഗുസ്തി തുടരട്ടെ. നമുക്ക് അതിൽ കാര്യമില്ല”- കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻമന്ത്രി കെ.ടി ജലീലിനെതിരേ ലോകായുക്തയുടെ ഉപമ ഇങ്ങനെയായിരുന്നു.

പൊതുസേവകരുടെ അഴിമതി, ദുർഭരണം, നീതിനിഷേധം, പദവിദുരുപയോഗം, സ്വഭാവനിഷ്ഠയില്ലായ്മ തുടങ്ങിയ പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാൻ കഴിയുന്ന ഏകസംവിധാനമായ ലോകായുക്തയാണ് അന്വേഷണത്തിനും റെയ്ഡിനും വിചാരണയ്ക്കുമുള്ള വിപുലമായ അധികാരം മറന്ന് ഉപമകളിൽ അഭിരമിക്കുന്നത്. വിജിലൻസിനും വിജിലൻസ് കോടതിക്കും കേസെടുക്കാൻ സർക്കാർ അനുമതിവേണം.

അഴിമതി വിരുദ്ധ നടപടികളിലെ നായകനും സാധാരണക്കാർക്ക് പണച്ചെലവില്ലാതെ അഴിമതി വിരുദ്ധ പോരാട്ടം നടത്താനുള്ള അർദ്ധജുഡിഷ്യൽ അധികാരമുള്ള സംവിധാനമാണ് ലോകായുക്ത. മുൻപ് അഴിമതിയെക്കുറിച്ച് പരാതികിട്ടിയാൽ വിജിലൻസിന് കേസെടുക്കാമായിരുന്നെങ്കിൽ കേന്ദ്രഭേദഗതി വന്നതോടെ, സർക്കാർ അനുമതിയില്ലാതെ കേസെടുക്കാനാവില്ല.
വിജിലൻസ് കോടതിക്ക് കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണം. ലോകായുക്തയിലാവട്ടെ, വെള്ളപേപ്പറിൽ 150 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് പരാതി നൽകാം. ഐ.ജി തലവനായ ഏജൻസി അന്വേഷിച്ച് അഴിമതി കണ്ടെത്തും. രേഖകൾ പിടിച്ചെടുക്കാം. വക്കീലിനെ വയ്ക്കാൻ പണമില്ലെങ്കിൽ സ്വന്തമായി വാദിക്കാം.
അഴിമതി, സ്വജനപക്ഷപാതം, ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, നീതിനിഷേധം, സ്വഭാവനിഷ്ഠയില്ലാത്ത പ്രവൃത്തികൾ, അഴിമതിക്കോ സ്വാർത്ഥതാത്പര്യത്തിനോ പദവി ഉപയോഗിക്കൽ എന്നീ പരാതികളിൽ അന്വേഷണത്തിനും വിചാരണയ്ക്കും ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇതിന്റെ ഗതി എന്താവുമെന്നതിലാണ് ഇനി ആശങ്ക.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed