തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായി ബഹിരാകാശത്തേക്ക് പോവുന്ന പ്രശാന്ത് കഠിന പ്രയത്നത്തിലൂടെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനിലെ യാത്രികരെ നയിക്കുന്നത് മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ്. ഗഗൻയാൻ ദൗത്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ അത് ഓരോ മലയാളിയുടേയും അഭിമാന നിമിഷം കൂടിയായിരുന്നു.
നെന്മാറ തിരുവഴിയാട് സ്വദേശിയും നിലവിൽ നെന്മാറ അഗ്രഹാരത്തിലെ അനന്ദകൃഷ്ണ അയ്യർ നഗറിൽ പ്രതിഭാ നിവാസിൽ താമസിക്കുന്ന വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലു മക്കളിൽ രണ്ടാമനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. പ്രശാന്തിന്റെ ചെറുപ്പകാലം കുവൈറ്റിലായിരുന്നു. നാട്ടിലെത്തിയശേഷം പല്ലാവൂർ ചിന്മയ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനത്തിന് ചേർന്നു.
ബി.ടെക് പൂർത്തിയാക്കും മുമ്പേ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ) ചേർന്നു. 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽ നിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി.
പഠനത്തിൽ മിടുമിടുക്കനാണ് പ്രശാന്ത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എഴുതിയ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിലെല്ലാം ഉയർന്ന മാർക്കോടെ വിജയിച്ചു. സഹോദരങ്ങളുടെ പാത പിന്തുടർന്ന് പ്രശാന്ത് ബി.ടെക്ക് തിരഞ്ഞെടുക്കുകയായിരുന്നു. പഠന കാലയളവിൽ എല്ലാ ക്ലാസിലും ഒന്നാം റാങ്കോടെ വിജയിച്ചു.
2000 ഓടെ ഡിഫൻസ് അക്കാഡമിയിൽ പോയി. വർഷത്തിൽ മൂന്നു തവണ വീട്ടിൽ സന്ദർശനം നടത്തുമായിരുന്നു. പത്തുദിവസം വീട്ടിൽ ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. വായനയും ടി.വി കാണാനും പാട്ടുകേൾക്കാനും സ്പേസ് വാർ സംബന്ധിച്ച കാര്യങ്ങൾ അറിയാനുമാണ് ഒഴിവ് സമയം ചെലവഴിക്കാറ്. രാവിലെ ധ്യാനം, യോഗ തുടർന്ന് ഒരു മണിക്കൂർ നടത്തം എന്നിവയാണ് ദിനചര്യ.
പ്രത്യേകിച്ച് ഡയറ്റൊന്നും ഇല്ലെങ്കിലും അമ്മ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് പ്രശാന്തിന് ഇഷ്ടം. ഗഗൻയാൻ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏകദേശം ശരീരഭാരം 75 കിലോയായിരുന്നു. സേനാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വ്യായാമം ചെയ്ത് ഭാരം 50 കിലോ ആയി കുറച്ചു. വീട്ടിലെത്തുന്ന സമയം ഒന്നര വർഷക്കാലത്തെ പരിശീലനത്തെ സംബന്ധിച്ച് സൂചനകൾ വീട്ടുകാർക്ക് നൽകാറുണ്ട്.
ബഹിരാകാശത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് പരിശീലിക്കുന്നത്. 2020 ലാണു ബഹിരാകാശ യാത്രക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. തുടർന്ന് റഷ്യയിലെ റഷ്യയിലെ ഗഗാറിൻ കോസ്‌മോനട്ട് സെന്ററിൽ അടിസ്ഥാന പരിശീലനത്തിന് അയച്ചു. തിരിച്ചെത്തിയതിന് ശേഷം ബെംഗളുരു കേന്ദ്രമാക്കി പരിശീലനം തുടരുകയാണ്.
രാജ്യത്തിന്റെ വിവിധയിടങ്ങളിലായുള്ള വ്യോമസേന കേന്ദ്രങ്ങളിലും ഇവർക്കായി വിവിധ പരിശീലനങ്ങൾ നടക്കുന്നുണ്ട്. 2025ൽ മൂന്നുപേരെ ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്ത് എത്തിച്ചു മൂന്നുദിവസത്തിനുശേഷം തിരികെ ഭൂമിയിലെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി.
മകന്റെ അപൂർവ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ബാലകൃഷ്ണനും പ്രമീളയും പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും അയൽക്കാരുമൊക്കെ വീട്ടിലെത്തിയിരുന്നു. പക്ഷേ ഞങ്ങൾ അവിടെയില്ലല്ലോ. തിങ്കാഴ്ചയാണ് ബാലകൃഷ്ണൻ നായരും പ്രമീളയും തൃശൂരിലെ മകളുടെ വീട്ടിൽ നിന്ന് വി.എസ്.എസ്.സിയിലെ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയത്.
മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത് മാനിക്കണമെന്ന് പറഞ്ഞ് ഇരുവരും കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. 2024 ജനുവരി 17ന് സിനിമാ നടി ലെനയെ പ്രശാന്ത് വിവാഹം ചെയ്തു. ഇന്നലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ലെന ഇക്കാര്യം പരസ്യമാക്കിയത്.