വിവിധ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം കുറിച്ച് പ്രാഥമികമായ അറിവുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. ലക്ഷണങ്ങളിലൂടെ തന്നെ ഇവ മനസിലാക്കാനും സമയബന്ധിതമായി ചികിത്സ അടക്കമുള്ള പരിഹാരം തേടാനുമെല്ലാം ഇത് സഹായിക്കും. ഇത്തരത്തില്‍ ഏറെ ഗൗരവമുള്ളൊരു ആരോഗ്യ പ്രതിസന്ധിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ച് മിക്കവര്‍ക്കും അറിയാമല്ലോ. ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്നതിന്‍റെ ഭാഗമായാണ് ഹൃദയാഘാതമുണ്ടാകുന്നത്. 
ഹൃദയാഘാതം പോലെ തന്നെ തലച്ചോറിനെ ബാധിക്കുന്ന സമാനമായൊരു അവസ്ഥയുണ്ട്. പക്ഷാഘാതം അഥവാ സ്ട്രോക്ക്. ഇതില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടമാണ് തടസപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാൻ ആവശ്യമായത്ര ഓക്സിജൻ ഇല്ലാതെ തലച്ചോര്‍ പ്രശ്നത്തിലാകുന്നു. 
സ്ട്രോക്ക് അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നൊരു കാരണം തന്നെയാണ്. പലര്‍ക്കും സ്ട്രോക്ക് സംഭവിച്ച ശേഷം തിരിച്ച് ജീവിതത്തിലേക്ക് വരാനുള്ള അവസരം ലഭിക്കാറില്ല. അതേസമയം സ്ട്രോക്കിന് ശേഷവും സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നവരുമുണ്ട്. ചിലര്‍ക്ക് ശരീരം ഭാഗികമായി തളരുന്ന അവസ്ഥ, സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥ, മുഖത്തിന്‍റെ വശം തളരുന്ന അവസ്ഥയെല്ലാം സ്ട്രോക്ക് മൂലമുണ്ടാകാറുണ്ട്.
സ്ട്രോക്ക് തന്നെ രണ്ട് തരമുണ്ട്. ‘ഇസ്കീമിക് സ്ട്രോക്ക്’ഉം, ‘ഹെമറേജിക് സ്ട്രോക്ക്’ഉം. ഇതില്‍  ‘ഇസ്കീമിക് സ്ട്രോക്ക്’ ആണ് ഏറ്റവും സാധാരണമായിട്ടുള്ളത്. ആകെ സ്ട്രോക്ക് കേസുകളില്‍ 87 ശതമാനവും ഇതാണ്.  തലച്ചോറിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുന്നത് മൂലം രക്തയോട്ടം ബാധിക്കപ്പെടുന്ന അവസ്ഥയാണിത്. ഇങ്ങനെ സംഭവിച്ചാല്‍ പിന്നീടുള്ള സമയം വളരെ നിര്‍ണായകമാണ്. കാരണം പെട്ടെന്ന് തന്നെ തലച്ചോറിലെ കോശങ്ങള്‍ മരിച്ചുതുടങ്ങും. 
‘ഹെമറേജിക് സ്ട്രോക്ക്’ ആണെങ്കില്‍ പെട്ടെന്ന് എന്തെങ്കിലും കാരണങ്ങള്‍ രക്തക്കുഴലുകള്‍ പൊട്ടി ബ്ലീഡിംഗ് ഉണ്ടാകുന്നത് മൂലമാണ് സംഭവിക്കുന്നത്. ഇത് തലച്ചോറിനകത്തെ രക്തക്കുഴലോ അല്ലെങ്കില്‍ മുകളിലായുള്ള രക്തക്കുഴലോ ആകാം. തന്മൂലം തലച്ചോറിനുള്ളില്‍ രക്തം നിറയുകയും ഇതുമൂലം അപകടം സംഭവിക്കുകയും ചെയ്യാം. 
സ്ട്രോക്കിന് പല ലക്ഷണങ്ങളും കാണാം. പെട്ടെന്ന് മുഖത്ത് മരവിപ്പ് (അനക്കാൻ സാധിക്കാത്ത അവസ്ഥ), ഇതുപോലെ കൈകാലുകളില്‍ മരവിപ്പ് ( പ്രത്യേകിച്ചും ഒരു വശത്ത് മാത്രമായുണ്ടാകുന്നത്), പെട്ടെന്ന് ആശയക്കുഴപ്പമോ അവ്യക്തതയോ തോന്നുന്ന അവസ്ഥ, സംസാരിക്കാൻ കഴിയാതിരിക്കുക, സംസാരിച്ചാലും നമുക്കത് മനസിലാകാൻ സാധിക്കാത്ത അവസ്ഥ, ചിലപ്പോള്‍ ഒരു കണ്ണിലോ അല്ലെങ്കില്‍ രണ്ട് കണ്ണിലോ മങ്ങല്‍, നടക്കാൻ പ്രയാസം, തലകറക്കം, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, പെട്ടെന്നുണ്ടാകുന്ന തലവേദന എന്നിവയെല്ലാം സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed