തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യാപകമായി ചൂട് കൂടുന്നു. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയർന്ന ചൂട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം നഗരത്തിൽ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3–4 ഡിഗ്രി കൂടുതലാണ്.
കൊച്ചി നെടുമ്പാശേരി (36.9), നേവൽ ബേസ് (35.4), കരിപ്പൂർ എയർപോർട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നീ സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. പുനലൂരിൽ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെത്തുടർന്ന് 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഇവിടങ്ങളിൽ സാധാരണയിലും 2–4 ഡിഗ്രി വരെ ചൂട് കൂടാം. വേനൽ മഴ അടുത്ത മാസം പകുതിയോടെ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.