തിരുവനന്തപുരം: ലോക്സഭാ സീറ്റ് നീക്കുപോക്കിന്‍റെ ഭാഗമായി ജൂലൈ മാസത്തില്‍ ഒഴിവുവരുന്ന യുഡിഎഫിന്‍റെ ഏക രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് കൈമാറാന്‍ ധാരണ ആയതോടെ രാജ്യസഭയില്‍ യുഡിഎഫ് അംഗത്വം ന്യൂനപക്ഷ പ്രാതിനിധ്യത്തില്‍ ഒതുങ്ങും. മാത്രമല്ല, രാജ്യസഭയില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ പ്രാതിനിധ്യം ഒരെണ്ണത്തില്‍ ഒതുങ്ങുമ്പോള്‍ മുസ്ലിം ലീഗിന് രണ്ട് രാജ്യസഭാംഗങ്ങളെ ലഭിക്കും.
ജൂലൈയില്‍ രണ്ടാം സാജ്യസഭാ സീറ്റുകൂടി ലീഗിന് നല്‍കുന്നതോടെ കോണ്‍ഗ്രസിന്‍റെ പ്രാതിനിധ്യം ജെബി മേത്തറില്‍ മാത്രമായി ഒതുങ്ങും. ലീഗിന് നിലവിലുള്ള അബ്ദുള്‍ വഹാബിന് പുറമെ രണ്ടാമത് രാജ്യസഭാംഗം കൂടി ഉണ്ടാകും.
അതോടെ യുഡിഎഫിന്‍റെ ആകെയുള്ള മൂന്ന് രാജ്യസഭാംഗങ്ങളും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരായി മാറും.
ലീഗ് മൂന്നാം സീറ്റ് അവശ്യപ്പെട്ടത് അഞ്ചാം മന്ത്രി വിവാദത്തിന് തുല്യമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ടായിരുന്നു. അതൊഴിവാക്കാനാണ് ലോക്സഭാ സീറ്റിന്‍റെ കാര്യത്തില്‍ ലീഗിനെ രണ്ടില്‍ ഒതുക്കാന്‍ തീരുമാനിച്ചത്.
എങ്കില്‍ അധിക രാജ്യസഭാ സീറ്റെന്ന ആവശ്യം ലീഗ് ഉന്നയിച്ചു. അവരതില്‍ വാശിപിടിക്കുകയും ചെയ്തു. അത് രഹസ്യ ധാരണയാക്കി മാറ്റാം എന്ന് ആലോചന ഉണ്ടായെങ്കിലും പരസ്യമായി പ്രഖ്യാപിക്കണമെന്ന് ലീഗ് നിര്‍ബന്ധം പിടിച്ചു.
രണ്ടാം രാജ്യസഭാ സീറ്റ് കൂടി ലഭിച്ചതോടെ ലോക്സഭയിലെ രണ്ടുപേരും കൂടി പതിവുപോലെ ജയിക്കുകയാണെങ്കില്‍ ലീഗ് എംപിമാരുടെ എണ്ണം നാലാകും.
കോണ്‍ഗ്രസിനെ സംബന്ധിച്ച് തികച്ചും ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് ഇഷ്ടമില്ലാത്ത ഈ തീരുമാനം. അതല്ലെങ്കില്‍ ലീഗ് കടുത്ത തീരുമാനങ്ങളിലേയ്ക്ക് നീങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലീഗ് മുന്നണി വിടുകയോ നിഷ്പക്ഷ നിലപാട് കൈക്കൊള്ളുകയോ ചെയ്താല്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസുകള്‍ക്കും കൂടി ഒരു രാജ്യസഭാംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം നിയമസഭയിലില്ല. അപ്പോള്‍ ഒന്നും ഇല്ലെന്നതാകും ഗതി.
ലീഗിന്‍റെ നാലാം എംപി സ്ഥാനം മലബാറില്‍ യുഡിഎഫിന് ഗുണം ചെയ്യുമെങ്കിലും കോട്ടയം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അത് തിരിച്ചടിയാകും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് സീറ്റെണ്ണം കൂട്ടണമെന്ന ആവശ്യം ഉന്നയിക്കും. കഴിഞ്ഞ തവണ കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലീഗ് സീറ്റ് അവശ്യപ്പെട്ടിരുന്ന സാഹചര്യം കോണ്‍ഗ്രസിനു മുന്നിലുണ്ട്.
ഫലത്തില്‍ കോണ്‍ഗ്രസിന് കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യെന്ന നിലയിലാണ് ലീഗും ലീഗിന്‍റെ പുത്തന്‍ ആവശ്യങ്ങളും.