ലണ്ടന്‍/ന്യൂഡല്‍ഹി: ഭാരതി എൻ്റർപ്രൈസസിൻ്റെ സ്ഥാപകനും ചെയർപേഴ്സനുമായ സുനിൽ ഭാരതി മിത്തലിന് ബ്രിട്ടന്റെ ആദരവ്. സുനില്‍ ഭാരതി മിത്തലിനെ ‘ഓണററി നൈറ്റ്ഹുഡ്’ നല്‍കി ചാള്‍സ് മൂന്നാമന്‍ രാജാവ് ആദരിച്ചു. ബ്രിട്ടന്റെ നൈറ്റ് കമാൻഡർ ഓഫ് ദി മോസ്റ്റ് എക്‌സലൻ്റ് ഓർഡർ (കെബിഇ) എന്ന ബഹുമതിയാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ചാൾസ് രാജാവിൽ നിന്ന് ഇത്തരത്തിലുള്ള ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സുനില്‍ മിത്തൽ.
ബ്രിട്ടന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണ് ഇത്. വിദേശ പൗരന്മാർക്ക് ഒരു ‘ഓണററി’ പദവിയിലാണ് ഇത് നല്‍കുന്നത്. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സുനില്‍ മിത്തല്‍ വഹിച്ച ഇടപെടലുകളാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.
ചാള്‍സ് രാജാവില്‍ നിന്ന് ലഭിക്കുന്ന ഈ ബഹുമതിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സുനില്‍ ഭാരതി മിത്തല്‍ പ്രതികരിച്ചു. യുകെയും ഇന്ത്യയും തമ്മിൽ ചരിത്രപരമായ ബന്ധങ്ങളുണ്ട്. ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുകയും, അത് ഒരു പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ താന്‍ പ്രതിജ്ഞാബദ്ധനാണ്. രാജ്യത്തെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായകമായ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പിന്തുണയും ശ്രദ്ധയും ചെലുത്തിയ യുകെ ഗവൺമെൻ്റിനോട് നന്ദിയുണ്ടെന്നും മിത്തല്‍ വ്യക്തമാക്കി.