തിരുവനന്തപുരം: യഥാർത്ഥ തിരഞ്ഞെടുപ്പ് ആവേശം തുടങ്ങാൻ പോവുന്നതെയുള്ളൂ എന്ന് പന്ന്യൻ രവീന്ദ്രൻ. ഇതൊരു തുടക്കം മാത്രമാണ്. എൽഡിഎഫിന് അനുകൂലമാണ് നാട്ടിലെ പൊതു വികാരം. ജനങ്ങൾ എപ്പോഴും അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നവരാണ്.
കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ രക്ഷകരായി നിൽകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ജനങ്ങൾ ഏതു കാര്യത്തിനും തുണയായി കാണുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം, ഓഖി,നിപ്പ,കോവിഡ് എന്നിങ്ങനെ കേരളത്തിൽ പല സാഹചര്യങ്ങൾ വന്നപ്പോഴും ജനങ്ങളുടെ കൂടെ നിന്നത് കേരള സർക്കാരാണ്. ആ സർക്കാറിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് കൊടുക്കേണ്ട ആനുകൂല്യം കൊടുക്കാൻ കേന്ദ്രം പണം നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ആരു വേണമെങ്കിലും മത്സരിച്ചോട്ടെ. ആരായാലും ജനങ്ങളുടെ കൂടെ നിൽകുന്നവരെ മാത്രമേ അവർ വിജയിപ്പിക്കൂ. അതുകൊണ്ടാണ് 2005ൽ താൻ ജയിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അത് അന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. അതുപോലെയുള്ള തീരുമാനം ഈ തിരഞ്ഞെടുപ്പിലും തങ്ങൾക്ക് അനുകൂലമായിട്ടുണ്ടാകും.
മത അധിഷ്ഠിത ഭരണത്തിലൂടെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ നരകമാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. ആ ഭരണാധികാരികൾക്കെതിരായി ജനങ്ങളുടെ മനസ്സിലെ വികാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ രേഖപ്പെടുത്തുക. അതിന് പറ്റിയ ഒരു അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അദ്ദേഹം പറഞ്ഞു.