തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതും.
കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും ഉള്‍പ്പെടെ ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് നാലുമുതലാണ് പരീക്ഷ നടക്കുക. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ് വിതരണവും പൂര്‍ത്തീകരിച്ചു. ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
ചോദ്യപേപ്പറുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചോദ്യപേപ്പര്‍ സോര്‍ട്ടിംഗ് ഫെബ്രുവരി 29 ന് പൂര്‍ത്തീകരിച്ച് മുന്‍ നിശ്ചയിച്ചിട്ടുള്ള ട്രഷറികളിലേക്കും ബാങ്കുകളിലേക്കും എത്തിക്കും.
ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെ നിയമനം ഇന്ന് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.