മുംബൈ: വയാകോം 18 ഉം (റിലയൻസ് ഇൻഡസ്ട്രീസ്), സ്റ്റാർ ഇന്ത്യയും (വാൾട്ട് ഡിസ്നി) തമ്മിൽ ലയനകരാറിൽ ഒപ്പുവച്ചു. കരാര്‍ പ്രകാരം വയാകോം 18 സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിക്കും. നിത  അംബാനി സംയുക്ത സംരംഭത്തിൻ്റെ ചെയർപേഴ്സണായിരിക്കും. ഉദയ് ശങ്കറാകും വൈസ് ചെയര്‍പേഴ്‌സണ്‍.
റിലയൻസ് ഇൻഡസ്ട്രീസ് സംയുക്ത സംരംഭത്തിലേക്ക് 11,500 കോടി രൂപ നിക്ഷേപിക്കും. ലയനത്തിലൂടെ സംയുക്ത സംരഭത്തിന് 70,352 കോടി രൂപയുടെ മൂല്യമുണ്ടായിരിക്കും.  സംയുക്ത സംരംഭം റിലയൻസ് ഇൻഡസ്ട്രീസ് നിയന്ത്രിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്‌ 16.34 ശതമാനവും വയാകോം 18ന് 46.82 ശതമാനവും, ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക.
കളേഴ്‌സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18, ജിയോസിനിമ, ഹോട്ട്‌സ്റ്റാര്‍ എന്നിവ ലയനത്തോടെ ഒരു ‘കുടക്കീഴിലാ’കും. നിലവില്‍ ഇവയ്‌ക്കെല്ലാം 750 മില്യണലധികം കാഴ്ചക്കാരുണ്ട്. 
ഇന്ത്യൻ വിനോദ വ്യവസായത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന ഒരു സുപ്രധാന കരാറാണിതെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പറഞ്ഞു. കമ്പനിക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാൻ ഈ സംയുക്ത സംരംഭം നൽകുന്ന അവസരങ്ങളിൽ തങ്ങൾ ആവേശഭരിതരാണെന്ന് വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ഇഗർ പറഞ്ഞു.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *