നെടുമങ്ങാട്∙ ആനാട് ശക്തിപുരം പുനവക്കുന്ന് റോഡ് തകർന്ന് ടാറും മെറ്റലും ഇളകി പൊട്ടിപ്പൊളിഞ്ഞ് അവിടവിടെ കുഴികൾ വീണ് ദുർഘടാവസ്ഥയിൽ. ആനാട് മുതൽ ശക്തിപുരം പുനവക്കുന്ന് മൊട്ടക്കാവ് വഴി ആട്ടുകാൽ പനവൂർ റോഡിൽ ചെന്ന് ചേരുന്ന ഈ പ്രധാന ഇടറോഡിന് രണ്ടര കിലോമീറ്ററോളം ദൂരമാണ് ഉള്ളത്. കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കം, നിത്യേന ധാരാളം വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡാണ് ഇത്.
ആനാട് ആയുർവേദ ആശുപത്രി നട മുതൽ പുനവക്കുന്ന് വരെയുള്ള റോഡാണ് അതീവ ദുർഘടാവസ്ഥയിൽ ആയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും ഇതുവഴി വളരെ സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ അപകടത്തിന് ഇടയാക്കുന്ന സ്ഥിതിയാണ്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ റോഡ് 65 ലക്ഷം രൂപ ചെലവഴിച്ച് ടാർ ചെയ്ത് പുനരുദ്ധരിച്ച് വാഹന ഗതാഗതത്തിന് സൗകര്യം ഒരുക്കിയത് 4 വർഷം മുൻപാണ്. ആനാട് ഗവ: ആയുർവേദ ആശുപത്രി എസ്എൻവി എച്ച്എസ്എസ്, മോഹൻദാസ് എൻജിനീയറിങ് കോളജ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളും ഈ റോഡിന്റെ വശങ്ങളിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ആരാധനാലയങ്ങളും ഉണ്ട്. ഈ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ധാരാളം വീടുകളും ഉണ്ട്. പ്രധാന റോഡ് എത്രയും വേഗം പുനരുദ്ധരിച്ച് ഇതുവഴിയുള്ള യാത്ര സുഗമം ആക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.റോഡിന്റെ ഒരുവശം ചന്ദ്രമംഗലം വാർഡും മറുവശം ഇര്യനാട് വാർഡിന്റെ ഭാഗവുമാണ്.