തിരുവനന്തപുരം: ലീഗിന്റെ ശക്തിയിലാണ് യുഡിഎഫ് നിലനില്‍പ്പെന്ന് മന്ത്രി പി. രാജീവ്. ലീഗിന് കോണ്‍ഗ്രസുമായുള്ളത് ചെറിയ സീറ്റുകളുടെ വ്യത്യാസം മാത്രമാണെന്നും പി. രാജീവ് പരിഹസിച്ചു. തുടര്‍ച്ചയായി നില മെച്ചപ്പെടുത്തിയിട്ടും മുന്നണിയില്‍ ഈ പരിഗണന മതിയോ എന്ന് ലീഗ് തന്നെ ആലോചിക്കണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടത്തിയ രാഷ്ട്രീയ ജാഥ പോലും മുന്നണി സംവിധാനത്തിനപ്പുറം കോണ്‍ഗ്രസ് ഒറ്റക്ക് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് എതിരെയുള്ള ആരോപണങ്ങളില്‍ പ്രധാനമന്ത്രി മോദിക്കും മന്ത്രി പി. രാജീവ് മറുപടി നല്‍കി. കടമെടുക്കാനുള്ള ഭരണഘടനപരമായ അവകാശത്തെ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും കേന്ദ്രം കേരളത്തിനൊപ്പം ആണോ കേരളത്തിന് എതിരാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വിരുദ്ധമായാണ് ബിജെപിയും കോണ്‍ഗ്രസും നില്‍ക്കുന്നത്. കേരളത്തിനൊപ്പം നില്‍ക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും പി. രാജീവ് അവകാശപ്പെട്ടു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് പി. രാജിവ് ഇന്നലെ മറുപടി നല്‍കിയിരുന്നു. വിവാദ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതെന്നും പി. രാജീവ് വ്യക്തമാക്കി.
എ കെ ആന്റണി തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 2004 ല്‍ മൈനിങ്ങ് ലീസ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴല്‍നാടന്റെ വാദം അനുസരിച്ചാണെങ്കില്‍ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ച രാജീവ്, അന്ന് കുഴല്‍നാടന്‍ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *