യു കെ: ജീവനക്കാരുടെ ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന  യു കെയിലെ ആശുപത്രികളിൽ നിന്നും തൊഴിൽ തേടി ആളുകൾ മറ്റു തൊഴിൽ മേഖലയിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്‌. കുറഞ്ഞ ശമ്പളത്തിന്റെയും അമിത ജോലിഭാരത്തിന്റെയും പേര് പറഞ്ഞാണ് ജീവനക്കാർ മാറ്റിടങ്ങളിലേക്ക്‌ ചുവട് പരീക്ഷിക്കുന്നത്. റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ആയിരക്കണക്കിന് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേഫലം അടുത്തിടെ പുറത്തുവിട്ടിരുന്നു. നിലവിലെ നഴ്‌സിംഗ് ജീവനക്കാരില്‍ പകുതിയോളം പേര്‍ ജോലി വിടാന്‍ ആഗ്രഹിക്കുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്.

ശമ്പളം വർദ്ധനവ് ഉൾപ്പടെയുള്ള അനുകൂല തീരുമാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായില്ലെങ്കിൽ യുകെയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന്‌ സാരം. തദ്ദേശീയരായ നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറുകയാണ്. ഐടി സെക്ടറിലേക്ക് നിരവധി നഴ്‌സുമാര്‍ ജോലി മാറ്റിക്കഴിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അമിത ജോലി ഭാരവും തൊഴിൽ ഇടങ്ങളിലെ സമ്മർദ്ധത്തിനും പുറമെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ദ്ധനവും മറ്റു ആനുകൂല്യങ്ങളും നല്‍കണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആവശ്യപ്പെടുന്നത്. ജീവനക്കാരെ, ജോലിയില്‍ നിന്നും വിട്ടുപോകാതെ എന്‍ എച്ച് എസ്സിനൊപ്പം പിടിച്ചു നിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്.

എല്ലാ വര്‍ഷങ്ങളിലും ശമ്പള വര്‍ദ്ധന വിഷയവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറുന്ന പേയ് റിവ്യു ബോഡി (പി ആര്‍ ബി) ക്ക് മുന്‍പിലാണ് ആര്‍ സി എന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം കഴിഞ്ഞ വര്‍ഷത്തിന്  സമാനമായ ശക്തമായ സമരത്തെ കുറിച്ചുള്ള മുന്നറിയിപ്പും യൂണിയന്‍ നല്‍കിയതായാണ് യൂണിയനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പേയ് റിവ്യു ബോഡി (പി ആര്‍ ബി) – യുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആര്‍ സി എന്‍ പങ്കെടുത്തിരുന്നില്ല. രാജ്യത്തെ നഴ്സിംഗ് ജീവനക്കാർക്കിടയിലെ പ്രബല യൂണിയനായ യൂണിസന്‍, ജിഎംബി എന്നീ സംഘടനകൾ യൂണിയനുകള്‍ പി ആര്‍ ബി ക്ക് മുന്‍പില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാതെ ആരോഗ്യ വകുപ്പുമായി നേരിട്ട് ഇടപെടുന്നതാണ് അഭികാമ്യം എന്ന തീരുമാനത്തിലാണ്. കാര്യങ്ങൾ ഇങ്ങനെ പോയാൽ യു കെയിലെ ആരോഗ്യ മേഖലയും പ്രവർത്തനവും കൈവിട്ടു പോകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *