കാസര്‍കോഡ്: മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി.പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയ(44)നെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരി വയ്ക്കുകയായിരുന്നു.
ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു. 2020 ഓഗസ്റ്റിലാണ് സ്ത്രീ ഉള്‍പ്പെടെ സഹോദരങ്ങളായ 4 പേരെ ഉദയന്‍ മഴുകൊണ്ട് വെട്ടിക്കൊന്നത്. കര്‍ണാടകയോടു ചേര്‍ന്നുള്ള പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്‌ല (75), ബാബു (78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. നാലുപേരും അവിവാഹിതരായിരുന്നു.
കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകനാണ് ഉദയന്‍. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഉദയന്റെ മാതാവ് ലക്ഷ്മി ഉള്‍പ്പെടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. പുറത്ത് നിന്നെത്തിയ ഉദയന്‍ മഴുകൊണ്ട് വെട്ടിയപ്പോള്‍ ലക്ഷ്മി ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ എത്തിയപ്പോള്‍ നാലു പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.