ന്യൂദല്‍ഹി – ഉത്തര്‍പ്രദേശ്, ദല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പാര്‍ട്ടികള്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമമാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ശിവസേന, എന്‍.സി.പി പാര്‍ട്ടികളെ പിളര്‍ത്തുകയും കോണ്‍ഗ്രസിലെ പ്രമുഖരെ ബി.ജെ.പി ചാക്കിട്ടുപിടക്കുകയും ചെയ്‌തെങ്കിലും മഹാരാഷ്ട്രയില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ സഖ്യം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പടക്കുതിരകളായ ശരദ് പവാറും ഉദ്ധവ് താക്കറെയും ഒരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാല്‍ വലിയൊരു ശതമാനം വോട്ട് മുന്നണി നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 48 ലോക്‌സഭ സീറ്റുകളില്‍ 39 സീറ്റുകളിലും സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായാണ് പുറത്ത് വരുന്ന വിവരം. ശേഷിക്കുന്ന ഒമ്പതു സീറ്റുകളിലും ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്.
അതേസമയം, 2018ലെ തെരഞ്ഞെടുപ്പോടെ മാത്രം മഹാരാഷ്ട്രയുടെ  രാഷ്ട്രീയത്തില്‍ ഇടം നേടിയ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഗാഡി പാര്‍ട്ടി സഖ്യത്തിനുള്ളില്‍ കൂടുതല്‍ വിലപേശലുമായി രംഗത്തെത്തിയുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടികളെയും ദളിത് പ്രസ്ഥാനങ്ങളെയും ചേര്‍ത്ത് രൂപവത്കരിച്ചതാണ് പ്രകാശ് അംബേദ്ക്കര്‍ നയിക്കുന്ന വിബിഎ. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യത തേടിയെങ്കിലും ധാരണയായിരുന്നില്ല. എന്നാല്‍ ഇക്കുറി ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്ന് ഒരുമിച്ച് പോരാടാനുള്ള ഒരുക്കത്തിലാണെങ്കിലും സീറ്റ് വിഭജനത്തില്‍ മറ്റുപാര്‍ട്ടികളോട് കൂടുതല്‍ വിലപേശികൊണ്ടിരിക്കുകയാണ് വിബിഎ പാര്‍ട്ടി.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ചെറുതല്ലാത്ത ശേഷി ഈ പാര്‍ട്ടിക്കുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ബിഹാറിലും ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം ഉടന്‍ പൂര്‍്്ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാര്‍ ഇന്ത്യ സഖ്യം വിട്ടതോടെ സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും കരുതുന്നത്. ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ മറ്റു കക്ഷികള്‍ക്കും ബിഹാറില്‍ സീറ്റ് ലഭിക്കും.
 
2024 February 27Indiaindiatitle_en: india ALLIANCE

By admin

Leave a Reply

Your email address will not be published. Required fields are marked *