ലണ്ടന്‍: രാജ്യത്ത് ഇത്തവണ മഴ കനക്കും. യു കെയിൽ ഇക്കുറി കാറ്റും മഴയുമായി കാലാവസ്ഥ കടുപ്പമാകുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. ഫെബ്രുവരി മാസത്തിൽ ബ്രിട്ടൻ മഴയില്‍ മുങ്ങുക പതിവെങ്കിലും, ഇത്തവണ അതിന്റെ കാടിന്യം അഭൂതപൂർവമായിരിക്കുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ 258 വര്‍ഷത്തിനിടയിൽ ഉണ്ടാകാത്ത വിധത്തിലുള്ള മഴക്കെടുതിക്കു ബ്രിട്ടൻ സാക്ഷിയാകും എന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
കൊടുങ്കാറ്റിന്റെയും പേമാരിയുടെയും മഞ്ഞിന്റെയും രൂപത്തിൽ പ്രകൃതി കുറച്ചൊന്നുമല്ല രാജ്യത്തെ ഇത്തവണ പരീക്ഷിച്ചത്. രാജ്യത്തിന്റെ തെക്ക് – കിഴക്കൻ മേഖലകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ‘യെല്ലോ അലർട്ട്’ നിര്‍ദ്ദേശം കാലാവസ്ഥാ നിരീക്ഷകര്‍ നൽകിയിട്ടുണ്ട്. ഇതുമൂലം പ്രഭാതയാത്രകള്‍ക്ക് സമയദൈര്‍ഘ്യം ഏറുമെന്ന് ദേശീയ കാലാവസ്ഥാ സര്‍വ്വീസ് അറിയിച്ചു.
റോഡ് – റെയിൽ ഗതാഗതം, വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങിയ സേവനങ്ങളില്‍ തടസ്സവും കാലതാമസങ്ങളും റദ്ദാക്കലുകളും നേരിടും. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ വീടുകളിലും, ബിസിനസ്സ് സ്ഥാപനങ്ങളിലും വെള്ളം കയറുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
അരക്ഷിതകൾ വർധിപ്പിച്ചുകൊണ്ട് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കുകയും, വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. ഫെബ്രുവരി അവസാനത്തോടെ ശരാശരിയുടെ രണ്ടര ഇരട്ടി മഴ പെയ്തിറങ്ങുമെന്നാണ് പ്രവചനം.
മെറ്റ് ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച്, ഫെബ്രുവരി മാസത്തില്‍ ആകെ 129 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് സൂചന. പൊതുജനങ്ങൾക്കും യാത്രക്കാർക്കും അധികൃതർ ജാഗ്രത നിർദ്ദശം നൽകിയിട്ടുണ്ട്.