കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി സാമ്പത്തിക തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. വ്യാജ ഫോണ്‍ കോള്‍ വഴി ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 3,700-ഓളം ദിനാര്‍ നഷ്ടപ്പെട്ടതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബാങ്ക് ജീവനക്കാരനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ പ്രവാസിയെ വിളിച്ചത്. ബാങ്ക് നടത്തിയ നറുക്കെടുപ്പില്‍ പ്രവാസിക്ക് സമ്മാനം ലഭിച്ചതായി തട്ടിപ്പുകാരന്‍ പറഞ്ഞു.
1,000 ദിനാറിന്റെ ഈ സമ്മാനത്തുക ലഭിക്കാന്‍ പാസ്‌വേഡും വെരിഫിക്കേഷന്‍ കോഡും ഉള്‍പ്പെടെയുള്ള ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച പ്രവാസി ഇയാള്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കുകയും അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രവാസി പൊലീസിന് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.