തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുളള പരിപാടിയിൽ ആവേശം സൃഷ്ടിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന അധ്യക്ഷൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിൽ കേരളത്തിലെ തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നും  ഉണ്ടായില്ല.
തൃശൂരിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വ‍ർണക്കടത്ത് കേസ് പരാമാർശിച്ച്  മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ വിമ‍ർശനം കൂ‍ർപ്പിച്ച പ്രധാനമന്ത്രി, തലസ്ഥാന നഗരത്തിലെ പരിപാടിയിൽ രാഷ്ട്രീയ എതിരാളികളെ കാര്യമായി വിമ‍ർശിക്കാൻ കൂട്ടാക്കാത്തതും ശ്രദ്ധേയമായി. സ്ഥാനാ‍ർത്ഥി പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല വേദിയുടെ മുൻനിരിയിൽ ഉണ്ടായിരുന്ന സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളെപ്പറ്റി ഒരു പരാമർശം പോലും  പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായില്ല.
സ്ഥാനാർ‍ത്ഥി പ്രഖ്യാപനത്തിന് സംഘടനാ നടപടികൾ പൂ‍ർത്തീകരിക്കണമെന്ന് കരുതിയാലും രാഷ്ട്രീയ വിമ‍ർശനത്തിലേക്ക് കടക്കാത്തതിന് മറ്റ്  ന്യായീകരണങ്ങളില്ല. ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന പ്രസംഗം പ്രധാന മന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി നേതാക്കളും പ്രവർത്തകരും അതുകൊണ്ടുതന്നെ നിരാശരാണ്.
കോൺഗ്രസിന് നേരെ ദേശീയതലത്തിൽ ബി.ജെ.പി ഉന്നയിച്ച് പോരുന്ന കുടുംബവാഴ്ച ആരോപണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും പകർത്തുന്നുവെന്ന് കൂട്ടിച്ചേ‍ർത്തത്  മാത്രമാണ് കേരളകാര്യങ്ങൾ സംബന്ധിച്ച്  പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായ രാഷ്ട്രീയ വിമർശനം.
കോൺഗ്രസിൽ ആരോപിക്കുന്ന കുടുംബവാഴ്ച കമ്മ്യൂണിസ്റ്റുകളും പക‍ർത്തുന്ന എന്ന പരാമർശത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദമാണെങ്കിലും അതുതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വരിപോലും അതിനോട് കൂട്ടിച്ചേർത്തില്ല. വിമ‍ർശനം കൃത്യതയോടെ ഉന്നയിക്കാനല്ല ഉദ്ദേശിച്ചത്, അവ്യക്തമായി നിലനി‍ർത്താൻ തന്നെയാണെന്ന് ഇതിലൂടെ വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ  സ്വർണക്കടത്ത് കേസും ‍‍ഡോള‍ർക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയെ കേന്ദ്രസർക്കാർ സഹായിച്ചുവെന്ന കോൺഗ്രസിൻെറ ആരോപണം ശരിവെയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ എങ്ങുംതൊടാതെയുളള പരാമ‍ർശമെന്ന് ആക്ഷേപമുണ്ട്.
കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വെയ്ക്കുന്ന തൃശൂ‍ർ, ആറ്റിങ്ങൽ, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പദയാത്രാ സമാപന  വേദിയിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്ഥാനാർത്ഥികളാര് എന്നതിനെ സംബന്ധിച്ച ലാഞ്ചന പോലും നൽകാൻ പ്രധാനമന്ത്രി തയാറായില്ല.
തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്ന കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പദയാത്ര സമാപനത്തിന് എത്തിയിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചിരുന്ന രാജീവ് ചന്ദ്രശേഖർ എത്താതിരുന്നപ്പോൾ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുളള സാധ്യത മങ്ങിയിരുന്നു.തിങ്കളാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന ബി.ജെ.പി പാർലമെന്ററി ബോ‍ർഡ് യോഗം വ്യാഴാഴ്ചയിലേക്ക് മാറ്റിയത് കൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാതെ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *