ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവരെ കൊന്നൊടുക്കി ഇസ്രയേൽ. പട്ടിണിയും ശിശുമരണവും പടരുന്നതിനിടെയാണ് നിരപരാധികൾക്ക് മേൽ ഇസ്രയേൽ സൈന്യം ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചത്. ആയിരത്തോളം വരുന്ന മനുഷ്യരാണ് ഇവിടെ കാത്തുനിന്നിരുന്നതെന്നും, ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ കൊടുംപട്ടിണി മൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഗാസയില്‍ മരണങ്ങളുടെ സ്ഫോടനമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ രണ്ട് മാസം മാത്രം പ്രായമുള്ള മഹ്മൂദ് ഫത്തൗഹ് എന്ന ആണ്‍കുഞ്ഞ് മരിച്ചത്.
ഗാസയില്‍ ഇതുവരെയില്ലാത്ത കൊടും പട്ടിണിയാണ് അനുഭവപ്പെടുന്നതെന്നാണ് പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നവര്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയോട് വ്യക്തമാക്കുന്നത്. ഒരുപാട് യുദ്ധം ഗാസയിലുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായ യുദ്ധമാണിതെന്നും വടക്കന്‍ ഗാസമുനമ്പിലെ ബെയ്ത് ഹനൂനില്‍ നിന്നും പലയാനം ചെയ്യപ്പെട്ട് മധ്യ ഗാസയിലെ ഡെയ്ര് എല്‍-ബലാഹിലെത്തപ്പെട്ട 73 വയസുകാരിയായ സാരിഫ അഹമദ് അബ്ദേല്‍ ഹാദി ഹമേദ് പറഞ്ഞു.