കൊല്ലം: കൊട്ടിയത്ത് വീട്ടുപരിസരത്ത് ഉപേക്ഷിച്ച കാറില്‍നിന്ന് കഞ്ചാവും ഇരുനൂറോളം മാരക മയക്കുമരുന്നു ഗുളികകളും എക്സൈസ് സംഘം പിടികൂടി. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന മെഷീനടക്കം നിരവധി തെളിവുകളും കണ്ടെത്തി. കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 
എക്സൈസ് സംഘം പിന്തുടരുന്നതറിഞ്ഞ് ഇടറോഡുകളിലൂടെ ഓടിയ കാര്‍ വീടിനുമുന്നില്‍ ഉപേക്ഷിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറില്‍നിന്നും വീട്ടില്‍നിന്നുമായാണ് മാരക മയക്കുമരുന്ന് ഇനത്തിലെ ഗുളികകളും കഞ്ചാവ് പൊതികളും കഞ്ചാവ് തെറുത്ത ബീഡികളും അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെടുത്തത്.
കൊല്ലം കണ്ണനല്ലൂര്‍ കുളപ്പാടം പുത്തന്‍കട സ്വദേശി മുഹമ്മദ് ഷെഫിന്‍, സുഹൃത്ത് ഹാരീസ് എന്നിവരാണ് കടന്നുകളഞ്ഞതെന്ന് എക്സൈസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. കണ്ണനല്ലൂര്‍ പാലമുക്കില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് മുഹമ്മദ് ഷെഫിന്റെ കാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അപകടകരമായ രീതിയില്‍ വാഹനമെടുത്ത് അമിതവേഗത്തില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് സംഘം വളരെദൂരം കാറിനെ പിന്തുടര്‍ന്നെങ്കിലും കുളപ്പാടം പുത്തന്‍കട ജങ്ഷനില്‍വച്ച് എക്സൈസിന്റെ കണ്ണുവെട്ടിച്ച് സംഘം കടന്നുകളഞ്ഞു. പ്രദേശമാകെ കാറിനായുള്ള തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്ന് കുളപ്പാടത്ത് ഒരു വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടെത്തി. വീട്ടുകാരോട് കാറിന്റെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഷെഫിന്റെ കാറാണെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ നല്‍കിയില്ല. 
താക്കോല്‍ ലഭിക്കാത്തതിനാല്‍ മെക്കാനിക്കിനെ വിളിച്ചുവരുത്തി ലോക്ക് ചെയ്തിരുന്ന കാര്‍ തുറപ്പിച്ച് നടത്തിയ പരിശോധനയില്‍ പൊതികളാക്കിയ കഞ്ചാവും മയക്കുമരുന്നു ഗുളികകളും മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നതെന്നു സംശയിക്കുന്ന അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറിയെങ്കിലും ഷെഫിന്റെ മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. തടിപ്പണിക്കാരനെ വിളിച്ചുവരുത്തി പൂട്ടുപൊളിച്ച് റൂമില്‍ കടന്നു നടത്തിയ പരിശോധനയില്‍ മയക്കുമരുന്നു ഗുളികകളും കഞ്ചാവ് തെറുത്ത ബീഡികളും കഞ്ചാവ് പൊതികളും കണ്ടെടുത്തു.
ഇയാളുടെ മുറിയില്‍ കറന്‍സി നോട്ടുകള്‍ എണ്ണുന്ന മെഷീന്‍ കണ്ടെത്തിയതില്‍നിന്ന് ഇവര്‍ വന്‍തോതില്‍ മയക്കുമരുന്നിന്റെ ഇടപാടുകള്‍ നടത്തിയിരുന്നെന്നു സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികള്‍ മയക്കുമരുന്നുകടത്തിന് ഉപയോഗിച്ചിരുന്ന കാര്‍ ആലുവ സ്വദേശിയുടെ കൈയില്‍നിന്നു വാടകയ്ക്കെടുത്തതാണെന്നാണ് രേഖകളില്‍നിന്നു തിരിച്ചറിഞ്ഞു. 
കഞ്ചാവ് കടത്തുന്നതിനിടെ ആറുമാസംമുന്‍പ് പാലക്കാട്ടുവെച്ച് 30 കിലോ കഞ്ചാവുമായി ഷെഫിനെയും സംഘത്തെയും എക്സൈസ് പിടികൂടിയിരുന്നതായും റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷെഫിന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഖലാമുദ്ദീന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ്.അനില്‍കുമാര്‍, ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ. സലിം, ശശികുമാര്‍, ബിജുമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജിന്‍, സുനില്‍കുമാര്‍, അഖില്‍, വനിതാ സിവില്‍ ഐക്സെസ് ഓഫീസര്‍ എസ്. ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *