തിരുവനന്തപുരം: ഇടതുപക്ഷം 20 സീറ്റുകളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയെങ്കിലും ആകെ മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ മാത്രം തീരുമാനമെടുക്കാനുള്ള യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മുന്നണിയ്ക്കുള്ളില്‍ അസ്വസ്ഥത.
കഴിഞ്ഞ തവണ 19 സീറ്റിലും വിജയിച്ച യുഡിഎഫിന് ആലപ്പുഴയില്‍ മാത്രമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകാനുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് – എം മുന്നണി വിട്ടതോടെ ഒഴിവുവന്ന കോട്ടയം കേരള കോണ്‍ഗ്രസിനു തന്നെ നല്‍കി. കൊല്ലത്ത് ആർഎസ്‌പി പ്രതിനിധി എന്‍കെ പ്രേമചന്ദ്രനെ മല്‍സരിപ്പിക്കാനും ധാരണയായി.
ബാക്കി 18 മണ്ഡലങ്ങളില്‍ കെ സുധാകരന്‍ ഒഴിയുന്ന കണ്ണൂര്‍, ആലപ്പുഴ, രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലങ്ങളില്‍ മാത്രമാണ് തീരുമാനമാകാനുള്ളത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമോ എന്ന കാര്യത്തിലാണ് പ്രധാന അവ്യക്തത. പഴയ അമേഠി മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ജനവിധി തേടും എന്നുറപ്പായിട്ടുണ്ട്. രണ്ടാം സീറ്റ് വയനാടോ തെലങ്കാനയിലെ എന്നതിലാണ് ആശയക്കുഴപ്പം തുടരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുന്നതിനോട് എതിര്‍പ്പാണുള്ളത്. രാഹുല്‍ തെലങ്കാനയിലോ കര്‍ണാടകയിലോ മല്‍സരിക്കട്ടെ എന്നതാണ് ഖാര്‍ഗെയുടെ നിലപാട്. അതേസമയം കെസി വേണുഗോപാല്‍ രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന അഭിപ്രായക്കാരനാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന്‍റേതാകും.
രാഹുല്‍ ഇല്ലെങ്കില്‍ കെസി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും വ്യാജമാണ്. എംഎം ഹസന്‍റെ കേന്ദ്രങ്ങളാണ് അത്തരമൊരു വാര്‍ത്ത പടച്ചുവിട്ടതെന്ന് അഭ്യൂഹമുണ്ട്. വയനാട്ടില്‍ രാഹുലോ കെസിയോ മല്‍സരിച്ചാല്‍ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ച് എംഎം ഹസനെ ആലപ്പുഴയില്‍ പരിഗണിക്കും എന്നായിരുന്നു ഇന്നത്തെ പ്രചരണം. അതിനായുള്ള ശ്രമം ചില സമുദായ നേതാക്കളുടെ പിന്തുണയോടെ ഹസന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഹസനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അയല്‍പക്കത്തെ മണ്ഡലങ്ങളില്‍ കൂടി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടും എന്നാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്.
മാത്രമല്ല, കെസി വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുന്നുണ്ടെങ്കില്‍ അത് ആലപ്പുഴയില്‍ മാത്രമായിരിക്കും എന്നത് വേണുഗോപാലിന്‍റെ കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂരില്‍ വീണ്ടും മല്‍സരിക്കണമെന്ന ആഗ്രഹവുമായി കെ സുധാകരനും രംഗത്തുണ്ട്. കഴിഞ്ഞ മൂന്ന് – നാല് ദിവസങ്ങളായി സുധാകരനും അതിനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുധാകരന്‍ മല്‍സരിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് പുതിയ ആളെന്ന നിബന്ധന ഹൈക്കമാന്‍റ് മുന്നോട്ട് വയ്ക്കും.
കോണ്‍ഗ്രസിന്‍റെ മറ്റ് സീറ്റുകളിലൊക്കെ സിറ്റിംങ്ങ് എംപിമാരാണെന്നതിനാല്‍ ബാക്കി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ഔപചാരികത മാത്രമാണുള്ളത്.