കോഴിക്കോട്: മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്ന് കെ. മുരളീധരൻ. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ലീഗുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. ലീഗിനെ കൂടെ നിർത്താനായി എന്ത് വിട്ടുവീഴ്ചയ്‌ക്കും കോൺഗ്രസ് തയ്യാറാണ്. തന്റെ അച്ഛൻ കെ കരുണാകരനാണ് കോൺഗ്രസ് ലീഗ് സഖ്യമുണ്ടാക്കിയതെന്നും കെ മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ലീഗ്- കോൺഗ്രസ് സീറ്റ് വിഭജനത്തെ പറ്റി ധാരണയായിരുന്നു. എന്നാൽ ചർച്ചയെ പറ്റി തുറന്നുപറയാൻ ലീഗ് തയ്യാറായില്ലെങ്കിലും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ഓഫർ ലീഗ് അംഗീകരിച്ചാൽ കെ.പി.എ മജീദോ പി.എം.എ സലാമോ ആയിരിക്കും രാജ്യസഭയിലേക്കെത്തുക. നാളെ നടക്കുന്ന ലീഗ് യോഗത്തിന് ശേഷം ലീഗ് അന്തിമ നിലപാട് അറിയിക്കും.