ഫിലാഡല്‍ഫിയ: നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇന്ത്യന്‍ യുവാക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് തുടര്‍ക്കഥയാകുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലാണ് ഇത്തരത്തിലുള്ള പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണ് ഇക്കുറി തട്ടിപ്പിന് ഇരയായിരിക്കുന്നത്. യുവ ടെക്കിയെ പ്രണയക്കുരുക്കില്‍പ്പെടുത്തി തട്ടിപ്പുകാര്‍ തട്ടിയെടുത്തത് നാല് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കിപ്റ്റോകറന്‍സി തട്ടിപ്പിലൂടെയാണ് വന്‍ തുക തട്ടിയെടുത്തത്.
ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള ടെക് പ്രൊഫഷണലായ ശ്രേയ ദത്തയാണ് തട്ടിപ്പിനിരയായത്. ഏകദേശം 450,000 ഡോളര്‍ (ഏകദേശം 4 കോടി രൂപ)യാണ് ഈ യുവ ടെക്കിക്ക് നഷ്ടമായത്. ധനനഷ്ടത്തിന് പുറമെ ശ്രേയ വന്‍ കടബാധ്യതയ്ക്കും ഇരയായതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പിന് മുമ്പായി ഇരകളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തി ഇരകളുടെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് വ്യാജ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി.
ഡേറ്റിംഗ് ആപ്പായ ഹിംഗിലൂടെയാണ് ശ്രേയയെ തട്ടിപ്പുകാര്‍ വലയിലാക്കിയത്. ഫിലാഡല്‍ഫിയയിലുള്ള വൈന്‍ വ്യാപാരിയായ ‘അന്‍സലിനെ’ കണ്ടുമുട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിംഗിലൂടെ പരിചയപ്പെട്ട ഇരുവരും വാട്ട്സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ടു. ‘അന്‍സല്‍’ തന്ത്രപരമായി ശ്രേയയുടെ വിശ്വാസം നേടിയെടുക്കുകയും തട്ടിപ്പിനിരയാക്കുകയുമായിരുന്നു.
സെല്‍ഫികള്‍, ഇമോജികള്‍, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ഇരുവരുടെയും ബന്ധം വളര്‍ന്നു. ശ്രേയ ദത്തയുടെ സമീപകാലത്തുണ്ടായ വിവാഹമോചനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിഷയങ്ങളും വിദഗ്ദമായി മുതലെടുത്ത് വിശ്വാസം നേടിയെടുക്കുന്നതില്‍ ‘ആന്‍സല്‍’ വിജയിച്ചു. ലാഭകരമായ ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങളിലേക്കും ശ്രേയയുടെ ശ്രദ്ധ ക്ഷണിക്കുന്നതില്‍ ഇയാള്‍ വിജയിച്ചു.
‘ആന്‍സലിന്റെ’ പ്രേരണയെ തുടര്‍ന്ന് യുവതി ഒരു ക്രിപ്റ്റോ ട്രേഡിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തന്റെ സമ്പാദ്യം ഇവിടെ നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സംശയം ഉയരുകയായിരുന്നു.
ലണ്ടനിലുള്ള യുവതിയുടെ സഹോദരന്‍ ‘അന്‍സലിന്റെ’ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് യുവതി തിരിച്ചറിഞ്ഞത്. ക്രിപ്റ്റോകറന്‍സി തട്ടിപ്പിലൂടെ ഇതുവരെ 40,000-ത്തിലധികം ഇരകളില്‍ നിന്നായി 3.5 ബില്യണ്‍ ഡോളര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയതായാണ് എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.