കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. കേസില്‍ പ്രതികളുടെ വാദം കോടതി കേട്ടു. നാളെ രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട് മൂന്നു റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. പ്രതികള്‍ ശിക്ഷ അനുഭവിച്ച ജയിലുകളിലെ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ട്, പ്രതികളുടെ സാമൂഹ്യ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവ കോടതിക്കു കൈമാറി. റിപ്പോര്‍ട്ടുകളുടെ കോപ്പി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് പരിശോധിക്കുന്നതിനും, ശിക്ഷാവിധിക്കുമായി കേസ് നാളത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്.
ജയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കാനും കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും കോടതിയില്‍ നേരിട്ടു ഹാജരായി. പ്രതി ജ്യോതി ബാബു ഓണ്‍ലൈന്‍ ആയിട്ടാണ് ഹാജരായത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവു വേണമെന്ന് കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്ക് 78 വയസ്സായെന്നും, തന്റെ സഹോദരന് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ മരിച്ചതാണെന്നും ആ കുടുംബത്തെ നോക്കുന്നതു താനാണെന്നും കെ കെ കൃഷ്ണന് കോടതിയില്‍ പറഞ്ഞു.
രാഷ്ട്രീയ എതിര്‍പ്പു കൊണ്ടു തന്നെ പ്രതിയാക്കിയതാണെന്ന് കെസി രാമചന്ദ്രന് പറഞ്ഞു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്.
പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് നട്ടെല്ലിന് പരിക്കുണ്ട്. ജയിലിനകത്തു വെച്ചോ പരോളില്‍ ഇറങ്ങിയപ്പോഴോ തനിക്കെതിരെ പരാതികളില്ല എന്നും കെസി രാമചന്ദ്രന് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് ഒന്നാം പ്രതി എം സി അനൂപ് പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ട്. വധശിക്ഷയ്ക്ക് വിധിക്കരുത്. വീട്ടില്‍ മറ്റാരും ഇല്ലെന്നും എം സി അനൂപ് പറഞ്ഞു.
താന്‍ നിരപരാധിയാണ് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണമെന്നും മനോജ് ആവശ്യപ്പെട്ടു.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളിലൊരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും കൊടി സുനി പറഞ്ഞു.