ഇസ്രയേല്‍ ആക്രമണത്തെ തുടർന്ന് ഗാസയുടെ സ്ഥിതി അതീവ രൂക്ക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം  ഗാസയില്‍ കൊടുംപട്ടിണി മൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചു . ഗാസയില്‍ മരണങ്ങളുടെ സ്‌ഫോടനമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭയുടെ  മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ രണ്ട് മാസം മാത്രം പ്രായമുള്ള മഹ്‌മൂദ് ഫത്തൗഹ് എന്ന ആണ്‍കുഞ്ഞ് മരിച്ചത്.
 അല്‍ ഷിഫ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ദ ഷെഹബ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത പോഷാകാഹാരക്കുറവാണ് മഹ്‌മൂദിന്റെ മരണകാരണമെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പാരാമെഡിക്കല്‍ ജീവനക്കാരിലൊരാള്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. സഹായത്തിന് വേണ്ടി മഹ്‌മൂദിന്റെ അമ്മ അലറി വിളിക്കുന്നത് കേള്‍ക്കുകയും ഉടനടി ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ കുട്ടികള്‍ക്കുള്ള പാല്‍ ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് ആഴ്ചകളോളം പാല് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പലസ്തീന്‍ ജനത ജനനം മുതല്‍ ദുരിതത്തിലാണെന്ന് പലായനം ചെയ്യേണ്ടി വന്ന ആബിദ മുഹമ്മദ് അബ്ദേല്‍ റാസെഖ് അബു അംഷയും കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ ഒരുപാട് അനുഭവിച്ചു. പട്ടിണിയെയും ഒന്നുമില്ലായ്മയെയും നേരിടേണ്ടിവരുന്നത് നീതിക്ക് നിരക്കാത്തതാണ്. ദുരിതം നിറഞ്ഞ ജീവിതമാണ് നമ്മുടേത്. ഞങ്ങള്‍ ജനിച്ചത് മുതല്‍ കഷ്ടപ്പാടിലും ദുരിതത്തിലുമാണ് ജീവിക്കുന്നത്,” ആബിദ പറയുന്നു.
മഹാദുരന്തമെന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ് ഗാസയിലെ സ്ഥിതിയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ, പ്രത്യേകിച്ച് നവജാതശിശുക്കളുടെ മരണം കൂടുതലായും കാണേണ്ടി വരുന്നുണ്ടെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മേധാവിയായ ഡോ. ഹുസ്സം അബു സഫിയ വെളിപ്പെടുത്തുന്നുമുണ്ട്. പലസ്തീനില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന ആഗോളതലത്തിലുള്ള അഭ്യര്‍ത്ഥനകള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നിരസിക്കുന്നതിനിടയിലാണ് മഹ്‌മൂദിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *