തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ബ്രിഗേഡിലെ പ്രമുഖയും തമിഴ്നാട് കോൺഗ്രസിലെ ഉന്നത നേതാവുമായിരുന്ന ഡോ. എസ്. വിജയധരണി എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിലെത്തിയത് കേന്ദ്രമന്ത്രി പദം ഉറപ്പാക്കിയ ശേഷം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിക്കും. ജയിച്ചാൽ കേന്ദ്രമന്ത്രി പദം ഉറപ്പ്. അല്ലെങ്കിൽ രാജ്യസഭയിൽ നിന്ന് മന്ത്രിയാക്കും.
ഈ മേഖലയിൽ 60% മലയാളികളാണ്. വെള്ളാള, നായർ, നാടാർ, യാദവ, ലത്തീൻ സമുദായങ്ങൾക്കാണ് മേൽക്കൈ. 2019ലെ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിലെ ഒരു സീറ്റിൽപ്പോലും ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കന്യാകുമാരിൽ രണ്ടാം സ്ഥാനമായിരുന്നു. രണ്ട് തവണ പൊൻരാധാകൃഷ്ണൻ ബിജെപി ടിക്കറ്റിൽ ഇവിടെ നിന്നും ജയിച്ചിരുന്നു.

തമിഴ്നാട്ടിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള മണ്ഡലമാണ് കന്യാകുമാരി. അവിടത്തെ നിയമസഭാ മണ്ഡലമായ വിളവംകോട് എംഎൽഎയും കോൺഗ്രസിന്റെ ചീഫ് വിപ്പുമായിരുന്നു വിജയധരണി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വിളവംകോട് ഉപതിരഞ്ഞെടുപ്പും ഉണ്ടാകും. അങ്ങനെയെങ്കിൽ വിജയധരണി ബിജെപി സ്ഥാനാർത്ഥിയായി മത്സര രംഗത്ത് നിയോഗിക്കുമോ എന്നാണ് തമിഴ്നാട്ടുകാർ കൗതുകത്തോടെ നോക്കുന്നത്.

കഴിഞ്ഞ തവണ വിജയധരണി തോൽപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ആർ. ജയശീലനെയായിരുന്നു. 28,669 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കഴിഞ്ഞ തവണ അണ്ണാ ഡിഎംകെ എൻഡിഎയുടെ ഭാഗമായിരുന്നു. ഇപ്പോൾ ആ സഖ്യമില്ല. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ചുമതലയുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് അവർ ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. 
1991മുതൽ ബിജെപി കന്യാകുമാരിയിൽ ജയിച്ചും തോറ്റും പോരാട്ടം നടത്തുകയാണ്. എച്ച്. വസന്തകുമാറിന്റെ മകൻ വിജയ് ആണ് നിലവിൽ എംപി.   എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായിരുന്നു വിജയിന്റെ പിതാവ് വസന്തകുമാർ. ആസ്‌തി 417 കോടി. അഞ്ചുവർഷത്തെ കണക്കു നോക്കിയാൽ വരുമാനത്തിൽ 45 ശതമാനം വാർഷിക വർദ്ധനവ്. കഴിഞ്ഞ വർഷത്തെ സമ്പാദ്യം 28.93 കോടി.
തമിഴ്നാട്, കേരളം, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ ശൃംഖലയായ വസന്ത് ആൻഡ് കമ്പനിയുടെ ഉടമ. സ്വന്തമായി വസന്ത് ടി.വി ചാനൽ. മണ്ഡലത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾൾക്ക് നേതൃത്വം നൽകുന്നു. സിനിമാനടനും വസന്ത് ആൻഡ് കോയുടെ ഡയറക്ടറുമാണ് വിജയ്.
മകനും തമിഴ്- തെലുങ്ക് നടനുമായ വിജയ് വസന്താണ് 2009ൽ വസന്തകുമാറിന്റെ പ്രചാരണം നയിച്ചത്. പ്രചാരണകാലത്ത് മണ്ഡലത്തിലുടനീളം ചുവരുകളിൽ വസന്ത് ആൻഡ് കോ, വസന്ത് ടി.വി പരസ്യങ്ങളായിരുന്നു. ബൂത്തുകളിൽ വസന്ത് ആൻഡ് കോ കുട ചൂടിയ വോട്ടർമാർ, വഴിയോരത്തെ കടകളിലും ഇളനീർ പന്തലുകളിലും വസന്തിന്റെ പരസ്യക്കുടകൾ. ആ തന്ത്രങ്ങളെല്ലാം വിജയിച്ചു.
ഡി.എം.കെയുടെ നേതൃത്വത്തിൽ സിപിഎം, സിപിഐ, മുസ്ലിംലീഗ്, തിരുമവിളവൻ പാ‌ർട്ടി, വിടുതലൈച്ചിരുത്തൈ കക്ഷികളുടെ സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. എഐഡിഎംകെ, വിജയകാന്തിന്റെയും ശരത്കുമാറിന്റെയും ചെറു പാർട്ടികൾ, പട്ടാളിമക്കൾ കക്ഷി എന്നിവയുമായായിരുന്നു ബിജെപിയുടെ സഖ്യം.

2014-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒറ്റയ്‌ക്കു മത്സരിച്ചപ്പോൾ 2.44 ലക്ഷം വോട്ട് വസന്തകുമാർ പിടിച്ചിരുന്നു. രാധാകൃഷ്‌ണൻ പിടിച്ചത് 3.72 ലക്ഷം വോട്ട്. കോൺഗ്രസുമായി ഉടക്കിനിന്ന ഡി.എം.കെ-1.17ലക്ഷം, സി.പി.എം- 35,284 എന്നിങ്ങനെ വോട്ടുകൾ പെട്ടിയിലാക്കിയിരുന്നു. ഈ വോട്ടുകളിലായിരുന്നു വസന്തകുമാറിന്റെ കണ്ണ്.

കഴിഞ്ഞതവണ അണ്ണാ ഡി.എം.കെ പിടിച്ച 1.76 ലക്ഷം വോട്ടുകളിലായിരുന്നു രാധാകൃഷ്‌ണന്റെ പ്രതീക്ഷ. വിഴിഞ്ഞത്തിനവ് ബദലായി പൊൻരാധാകൃഷ്‌ണൻ കൊണ്ടുവന്ന ഇനയം തുറമുഖത്തിന്റെ പേരിൽ രാധാകൃഷ്‌ണനോടുള്ള മത്സ്യത്തൊഴിലാളികളുടെ വൈരം കഴിഞ്ഞ തവണ വസന്തകുമാർ മുതലെടുത്തു.
ഒരുലക്ഷം പേരുടെ ജീവിതമാർഗ്ഗം ഇല്ലാതാക്കുന്ന പദ്ധതിയെന്നാണ് കോൺഗ്രസ് പ്രചരിപ്പിച്ചത്. ഓഖി ചുഴലിക്കാറ്റിൽ നൂറ് മത്സ്യത്തൊഴിലാളികൾ മരിച്ചുവീണിട്ടും രാധാകൃഷ്‌ണൻ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയർത്തി. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ വിജയധരണിയെ കളത്തിലിറക്കാൻ ബിജെപിയുടെ ശ്രമം.

By admin

Leave a Reply

Your email address will not be published. Required fields are marked *