ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ വലിയ സ്വപ്‌നം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ സാക്ഷാത്കാരത്തിനായി രാവും പകലും പ്രയത്‌നിക്കുകയാണ്. റെയില്‍വേയുടെ 41,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മോദി.
തന്റെ സര്‍ക്കാരിന്റെ മൂന്നാം ഊഴം ജൂണില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ പുതിയ ഇന്ത്യ കെട്ടിപ്പടുത്തത് ജനങ്ങള്‍ കണ്ടു. വന്ദേഭാരത് ട്രെയിനുകളുടെ വരവ് ഉള്‍പ്പടെ റെയില്‍വേ രംഗത്ത് നടത്തിയ നിരവധി വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
തന്റെ സര്‍ക്കാര്‍ പൊതുപണം കൊള്ളയടിക്കുന്ന പരിപാടി അവസാനിപ്പിച്ചെന്നും മറ്റ് സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി റെയില്‍വേ വഴി ലഭിച്ച പണം റെയില്‍വേയുടെ വിപുലീകരണത്തിനായി ഉപയോഗിച്ചെന്നും മോദി പറഞ്ഞു.
യാത്രക്കാര്‍ക്ക് സുഗമമായ യാത്ര പ്രദാനം ചെയ്തതോടൊപ്പം രാജ്യത്തെ വലിയ തൊഴില്‍ സ്രോതസാണ് റെയില്‍വേയെന്നും മോദി പറഞ്ഞു.