റാഞ്ചി: ഒന്നാം ഇന്നിങ്‌സ് ലീഡിനായി ആഞ്ഞുപൊരുതിയെങ്കിലും 307ൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന്റെ പരിസരത്ത് എത്താൻ ഇന്ത്യക്കായതാണ് ആശ്വാസം.
46 റൺസിന്റെ ലീഡ് മാത്രമെ ഇംഗ്ലണ്ടിന് നേടാനായുള്ളൂ. 353 റൺസിലാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. അഞ്ച് വിക്കറ്റുമായി ഷുഹൈബ് ബഷിർ ഇംഗ്ലണ്ടിനായി തിളങ്ങി. 90 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ദ്രുവ് ജുറെലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജയ്‌സ്വാൾ(73)ശുഭ്മാൻ ഗിൽ(38)എന്നിവരാണ് കാര്യമായ സംഭാവന ചെയ്ത മറ്റു ബാറ്റർമാർ.
219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ചേര്‍ക്കാനായത് 88 റണ്‍സ്. വാലറ്റത്ത് നിന്നും ലഭിക്കാവുന്ന മികച്ച സംഭാവനയാണിത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ കുല്‍ദീപ് യാദവും ധ്രുവ് ജുറെലും പിടിച്ചുനിന്ന് സ്കോര്‍ബോര്‍ഡ് 250 കടത്തി.
ഇംഗ്ലണ്ട് ന്യൂബോളെടുത്തെങ്കിലും ഇരുവരും സിംഗിളുകളെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പ്രതിരോധവുമായി പിടിച്ചു നിന്ന കുല്‍ദീപ് ആന്‍ഡേഴ്സന്‍റെ പന്തില്‍ നിര്‍ഭാഗ്യകരമായി പുറത്തായതോടെ ഇന്ത്യക്ക് ലഭിച്ച മേല്‍ക്കെ നഷ്ടമായി.ആന്‍ഡേഴ്സനെ പ്രതിരോധിച്ച കുല്‍ദീപിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഇരുവരും എട്ടാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കുൽദീപ് മടങ്ങുമ്പോൾ ഇന്ത്യ ഏറെക്കുറെ ആശ്വാസതീരത്ത് എത്തിയിരുന്നു. പിന്നാലെ വന്ന ആകാശ് ദീപുമൊത്ത് ധ്രുവ് ജുറൽ സ്‌കോർബോർഡ് വേഗത്തിൽ ഉയർത്തി.
അതിനിടെ ആകാശ് ദീപിനെ(9) വിക്കറ്റിന് മുന്നിൽ കുരുക്കി ബഷീർ അഞ്ച് വിക്കറ്റ് തികച്ചു. എന്നാൽ കന്നി സെഞ്ച്വറിക്കായി തുടർന്നും ബാറ്റേന്തിയ ജുറെൽ, 10 റൺസ് അകലെ വീണു. ടോം ഹാട്‌ലിയാണ് താരത്തെ ബൗൾഡാക്കിയത്. ബഷീറിന് പുറമെ മൂന്ന് വിക്കറ്റുമായി ടോം ഹാട്‌ലിയും തിളങ്ങി. രണ്ടാം ഇന്നിങ്‌സിൽ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ചെറിയ സ്‌കോറിന് ഇംഗ്ലണ്ടിനെ ഒതുക്കിയാൽ ഇന്ത്യക്കാണ് സാധ്യത, അതുവഴി പരമ്പരയും.

By admin

Leave a Reply

Your email address will not be published. Required fields are marked *