ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കിൽ യുവാക്കൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
ചന്ദൗസിയിൽ സംസാരിച്ച രാഹുൽ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോൾ 12 മണിക്കൂർ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസ്‌തുത പരാമർശം നടത്തിയത്.
“ഇന്ത്യയിൽ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, വൻകിട വ്യവസായികളുടെ മക്കൾ റീൽസ് കാണില്ല, അവർ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ?” അദ്ദേഹം ചോദിച്ചു.
“ഞങ്ങൾ ഏതെങ്കിലും കമ്പനിയുടെ ജീവനക്കാരുടെ പട്ടിക എടുത്താൽ, ഉടമകളുടെ പട്ടിക എടുത്താലും ഒരു പിന്നാക്ക-ദലിത് ഉടമയെപ്പോലും കണ്ടെത്താനാവില്ല. മാധ്യമ സ്ഥാപനങ്ങളുടെയോ സ്വകാര്യ കോളേജുകളുടെയോ ഉടമസ്ഥരുടെയോ പട്ടിക എടുക്കുക. ഹൈക്കോടതികളിലെ ജഡ്‌ജിമാർ, അതേ മൂന്നോ നാലോ ശതമാനം ആളുകൾ (ഉന്നത ജാതിയിൽ നിന്നുള്ളവർ) ഈ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു.” രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ചെറുകിട കർഷകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
“നിങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു, നിങ്ങൾ ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇക്കൂട്ടർ ആഗ്രഹിക്കാത്തതിനാലാണ് പരീക്ഷാ പേപ്പർ ചോർന്നത്. അവർക്ക് ഒരിക്കലും തൊഴിൽ നൽകാൻ കഴിയില്ല, “കോൺഗ്രസ് നേതാവ് ആരോപിച്ചു.