പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ തിരുവല്ലയിൽ എത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
യൂണിഫോമിലായിരുന്ന പെൺകുട്ടി വസ്ത്രം മാറിയാണ് യുവാക്കൾക്കൊപ്പം പോയത്. പലയിടങ്ങളിലായി കറങ്ങിയ ഇവർ റൂം എടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ ലഭിച്ചില്ല.
ആലപ്പുഴ, തൃശൂർ ഭാഗങ്ങളിലായി തന്നെയായിരുന്നു ഇവരുടെ യാത്ര. പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചായിരുന്നു ഇവരുടെ കറക്കം. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് പുലര്‍ച്ചെയാണ് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി പെൺകുട്ടി ഹാജരായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍, ഇരുവർക്കും സഹായം ചെയ്തു നല്‍കിയ ജയരാജ് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. മൂവാറ്റുപുഴയിൽ വെച്ച് കെഎസ്ആർടിസി ബസിൽ നിന്നുമാണ് അതുലിനെ പിടികൂടിയത്. അജിലിനെ തൃശൂർ അന്തിക്കാട് നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവല്ലയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെയെത്തിയില്ല. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *