ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റുകൂടി കിട്ടിയേ തീരൂ എന്ന നിലപാടു കടുപ്പിക്കുകയാണ് മുസ്ലിം ലീഗ്. ഈ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വെള്ളിയാഴ്ച ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവര്‍ത്തിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഐക്യജനാധിപത്യ മുന്നണിയില്‍ സംഘര്‍ഷം ഉരുണ്ടു കൂടുകയാണ്.
2011 -ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റയുടനെ ലീഗ് ഉന്നയിച്ചത് പാര്‍ട്ടിക്ക് അഞ്ചാമത് ഒരു മന്ത്രിസ്ഥാനംകൂടി വേണമെന്നാണ്. ലീഗ് സമ്മര്‍ദം മുറുക്കിയെങ്കിലും അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ലീഗിന്‍റെ അഞ്ചാം മന്ത്രി വിവാദം വലിയൊരു ആക്ഷേപമായി കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു. ന്യൂനപക്ഷ സമുദായത്തിന്‍റെ പേരില്‍ ലീഗ് സമ്മര്‍ദ രാഷ്ട്രീയം പയറ്റുകയാണെന്ന് കോണ്‍ഗ്രസിലും ആരോപണമുയര്‍ന്നു.
അവസാനം ലീഗിന്‍റെ സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുട്ടുമടക്കേണ്ടി വന്നു. മഞ്ഞളാംകുഴി അലി അഞ്ചാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷെ അഞ്ചാം മന്ത്രിക്കു വേണ്ടിയുള്ള ആവശ്യം ഉയര്‍ത്തിയ വിവാദം ഐക്യജനാധിപത്യ മുന്നണിയുടെ പ്രതിഛായയ്ക്കു വലിയ മങ്ങലേല്‍പ്പിച്ചു. കോണ്‍ഗ്രസിന്‍റെ പ്രതിഛായ ഏറെ ഇടിഞ്ഞു.
സാമുദായിക ശക്തിയെന്ന നിലയ്ക്കാണ് ലീഗ് അഞ്ചാം മന്ത്രി വേണമെന്ന ആവശ്യത്തിന്‍മേല്‍ പിടിമുറുക്കിയതെന്നായിരുന്നു അന്നത്തെ പ്രധാന ആരോപണം. അന്ന് അതിനു രാഷ്ട്രീയമായൊരു പശ്ചാത്തലം വിവരിക്കാന്‍ ലീഗ് നേതൃത്വത്തിനു കഴിഞ്ഞതുമില്ല.
ഇന്ന് മുസ്ലിം ലീഗ് ഈ വിഷയം ഉന്നയിക്കുന്നത് വ്യക്തമായൊരു രാഷ്ട്രീയ ചിത്രം വരച്ചുകാണിച്ചുകൊണ്ടുതന്നെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും മുസ്ലിം സമുദായത്തിന്‍റെ ശബ്ദം നേര്‍ത്തു നേര്‍ത്തു വരുന്നു. ഏക സിവില്‍ കോഡ് പോലെയുള്ള വിഷയം പാര്‍ലമെന്‍റില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നും മിണ്ടാതിരിക്കുന്നു. ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിലൂടെ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോദി ഭരണം കൃത്യമായ അജണ്ടയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ന്യൂനപക്ഷ താല്‍പര്യങ്ങള്‍ ചവുട്ടിമെതിക്കപ്പെടുന്നത് കണ്ട് ലീഗ് നിസഹായതയോടെ നോക്കി നില്‍ക്കുന്നു.
വലിയ പ്രതിസന്ധികളിലൂടെയാണ് സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിം ലീഗ് ഒരു ഇന്ത്യന്‍ പാര്‍ട്ടിയായി രൂപമെടുത്തു വളര്‍ന്നത്. അന്നു ലീഗിന്‍റെ മുഖ്യ ശത്രു കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്നു. മൊയ്തു മൗലവിയെപ്പോലെ, അബ്ദു റഹ്മാനെപ്പോലെ ധാരാളം ദേശീയ മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ മുഖ്യധാരാ നേതാക്കന്മാരായിരുന്നു.
ഇരു കക്ഷികളും യോജിപ്പിന്‍റെ വഴിയിലെത്താന്‍ കാലമേറെ വേണ്ടിവന്നു. 1960 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പി.എസ്.പിയും മുസ്ലിം ലീഗും ഒത്തു ചേര്‍ന്നു മുന്നണിയുണ്ടാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് അധികാരത്തില്‍ വന്നെങ്കിലും ലീഗിനെ മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ലീഗിനെതിരെ കടുത്ത നിലപാടെടുത്ത നേതാക്കളില്‍ പ്രബലര്‍ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളായിരുന്നു.
1967 -ല്‍ സപ്തകക്ഷി മുന്നണിയുണ്ടാക്കി ഭരണം പിടിച്ചെടുത്ത സിപിഎം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് മുസ്ലിം ലീഗിന്‍റെ തൊട്ടുകൂടായ്മ മാറ്റിയത്. വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കള്‍ എന്നിവര്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ചേര്‍ന്നു. അന്നു മുതല്‍ മുസ്ലിം ലീഗ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ്.
1967 -ല്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി പ്രതിപക്ഷത്തിരുന്ന കെ കരുണാകരനാണ് മുസ്ലിം ലീഗിനെ കൈപിടിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിലേയ്ക്കു കൊണ്ടുവന്നത്. കരുണാകരനും എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ലീഗുമായി ദൃഢമായ ബന്ധം പുലര്‍ത്തിപ്പോന്നു. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്.
കോണ്‍ഗ്രസ് – ലീഗ് – കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടായിരുന്നു ഇക്കാലമൊക്കെയും ഐക്യജനാധിപത്യ മുന്നണിയുടെ മൂലക്കല്ല്. കരുണാകരനെ മറിച്ചിട്ട് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടി മുന്നണിയുടെ നേതൃത്വമേറ്റെടുത്തു. അന്നു മുതല്‍ ഉമ്മന്‍ ചാണ്ടി – കെ.എം. മാണി – പി.കെ കുഞ്ഞാലിക്കുട്ടി സഖ്യമായി മുന്നണിയുടെ അടിസ്ഥാനം. ഘടകകക്ഷികള്‍ തമ്മിലുള്ള ഏതു പ്രശ്നവും പറഞ്ഞു തീര്‍ക്കാനുള്ള കരുത്ത് ഈ കൂട്ടുകെട്ടിനുണ്ടായിരുന്നു.
ഇന്ന് മുന്നണിക്ക് അത്രകണ്ട് ഉറച്ച ഒരു നേതൃത്വമില്ല. കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമില്ല. ഇടതു മുന്നണി ഭരണത്തുടര്‍ച്ച നേടിയതോടെ പിന്നെയും പ്രതിപക്ഷത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസ് സ്വാഭാവികമായും ദുര്‍ബലമായി.
നിലവിലുള്ള എംപിമാര്‍ക്കെല്ലാം സീറ്റ് കൊടുക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിനു മുസ്ലിം സ്ഥാനാര്‍ഥികള്‍ എങ്ങുമില്ലാതായി. വയനാട്ടില്‍ എം.ഐ ഷാനവാസായിരുന്നു കോണ്‍ഗ്രസിന്‍റെ ഒരു പ്രധാന ശബ്ദം. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍റെ പേരും ഉയരുകയും മായുകയും ചെയ്തു. രാജ്യസഭാംഗമായി എറണാകുളം സ്വദേശി ജെബി മേത്തറെ കൊണ്ടുവന്നത് ഈ കുറവു നികത്താനാണെന്നു പറയാം.
പക്ഷെ ഇന്നു കാര്യങ്ങള്‍ ലീഗിനെ സംബന്ധിച്ച് അത്ര സുഖകരമല്ല. മുസ്ലിം എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ വിദ്വേഷത്തോടെ നോക്കുന്നവര്‍ പാര്‍ലമെന്‍റില്‍ നിറഞ്ഞിരിക്കുമ്പോള്‍ നേരേ മുന്നിലിരിക്കാനെങ്കിലും കുറെ മുസ്ലിം നേതാക്കള്‍ വേണ്ടേ എന്നാണ് ലീഗ് നേതാക്കളുടെ ചോദ്യം.
ഇപ്പോഴിതാ, കോണ്‍ഗ്രസിന് ലോക്സഭയിലേയ്ക്ക് ഒരു മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല. ലീഗ് ചോദിച്ച മൂന്നാം സീറ്റ് കൊടുക്കുന്നുമില്ല. കെ.പി നൗഷാദ് അലിയെപ്പോലെ പ്രഗത്ഭരായ നേതാക്കള്‍ മലബാറിലെ കോണ്‍ഗ്രസില്‍ ഉണ്ടുതാനും.
പിടിമുറുക്കുകയല്ലാതെ ലീഗിനു വേറെ വഴി മുമ്പിലില്ലെന്നു വന്നിരിക്കുന്നു.