തൃശൂർ: നവകേരള സദസിൻെറ തുടർച്ചയായി സർക്കാരിൻെറ ജനകീയ ഇടപെടൽ ശക്തമാക്കാൻ തുടങ്ങിയ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി തിരിച്ചടിക്കുന്നു. വിമർശനം ഉന്നയിക്കുന്നവരോട് കയർക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയാണ് ജനകീയത കൂട്ടാനുളള പരിപാടിയെ വിപരീത ദിശയിലേക്ക് നയിക്കുന്നത്.
തൃശൂരിൽ സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുളള മുഖാമുഖം പരിപാടിയിൽ വിമർശനം ഉന്നയിച്ച ചലച്ചിത്ര ഗാനരചയിതാവും ഇടത് സഹയാത്രികനുമായ ഷിബു ചക്രവർത്തിയോടാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. ശനിയാഴ്ച കണ്ണൂരിൽ നടന്ന ദളിത്- ആദിവാസി വിഭാഗങ്ങളുടെ മുഖാമുഖത്തിൽ മാധ്യമങ്ങളോട് രോഷാകുലനായി പുറത്തുപോകാൻ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് വിമർശനം ഉന്നയിച്ചവർക്ക് നേരെ കയർത്ത് സംസാരിച്ചത്.
സാംസ്കാരിക വകുപ്പിന് കീഴിലുളള കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റി വിമർശനം ഉന്നയിച്ചതിനാണ് പാർട്ടി ചാനലിലെ മുൻ പ്രോഗ്രാം ഡയറക്ടർ കൂടിയായ ഷിബു ചക്രവർത്തിക്ക് നേരെ മുഖ്യമന്ത്രി തട്ടിക്കയറിയത്. അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു ഷിബുവിൻെറ വിമർശനത്തോടുളള മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരോ മേഖലയിലുമുളള വ്യക്തികളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷണിച്ചുവരുത്തിയാളോടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. പരിപാടിയുടെ ഉദ്ദേശലക്ഷ്യം എന്താണോ അതിനെതന്നെ ചോർത്തികളയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.
ഒരോ മേഖലയിൽ നിന്നുമുളള പ്രമുഖരിൽ സർക്കാരിനെയും സി.പി.എമ്മിനെയും പിന്തുണയ്ക്കുന്നവരെയും സർക്കാർ പദവികൾ വഹിക്കുന്നവരാണ് മുഖാമുഖത്തിലേക്ക് ക്ഷണിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും. അവർ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളോട് പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
സ്തുതിപാഠകരുടെ വാഴ്ത്തുപാട്ടുകൾ മാത്രമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ പൊതുപണം ചെലവിട്ട് പരിപാടി നടത്താതെ പാർട്ടി പരിപാടിയിട്ടാൽ പോരെ എന്ന ചോദ്യം ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ചെറിയ എതിർപ്പുകളും വിമർശനങ്ങളും പോലും സഹിക്കാനാകാത്തവർ എന്ത് നവകേരളമാണ് കെട്ടിപ്പടുക്കാൻ പോകുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
സാംസ്കാരിക നഗരിയിൽ സംഘടിപ്പിച്ച സാംസ്കാരിക മുഖാമുഖത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിച്ച സമയത്താണ് ഷിബു ചക്രവർത്തി സർക്കാർ ഉടമസ്ഥതയിലുളള കോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൻെറ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്.
”നമുക്കൊരു കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് , ദേശിയ ഇൻസ്റ്റിറ്റ്യൂട്ടാണെന്നാണ് പറയുന്നത്. തുടങ്ങീട്ട് പത്ത് വർഷമായി, പിളളാരാണെങ്കിൽ ഓടിനടക്കേണ്ട പ്രായമായി. പക്ഷേ ഇത് ഓടുന്നില്ല, കിതപ്പാണ്. ഇങ്ങനെ മതിയോ” ഇതായിരുന്നു ഷിബു ചക്രവർത്തി മുഖ്യമന്ത്രിയോട് ചോദിച്ചത്. ചോദ്യങ്ങൾക്കെല്ലാം ഒരുമിച്ച് മറുപടി പറഞ്ഞ മുഖ്യമന്ത്രിക്ക് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയം പരാമർശിച്ചപ്പോൾ നിയന്ത്രണം വിട്ടു.
” കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മൊത്തം കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നത്. അതിനോടൊന്നും യോജിക്കാനാവില്ല. അഭിപ്രായം പറയാൻ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ. ആ സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ” മുഖ്യമന്ത്രി ക്ഷോഭത്തോട് പറഞ്ഞു. ജാതി വിവേചന പരാതിയുടെ പേരിൽ മാസങ്ങളോളം വിദ്യാർത്ഥി സമരവും അതേ തുടർന്ന് ഡയറക്ടറും ചെയർമാനും ഒക്കെ മാറിപ്പോയ സ്ഥാപനത്തെ കുറിച്ചുളള വിമർശനത്തോടാണ് മുഖ്യമന്ത്രി ഇവ്വിധം നില വിട്ട് പ്രതികരിച്ചത്.