ഡൽഹി: പൊതുശത്രുവിനെ എതിരിടാൻ ഒന്നി നിൽക്കണമെന്ന യുദ്ധതന്ത്രം ഉത്തരേന്ത്യയിലെങ്കിലും കോൺഗ്രസ് പഠിച്ചിരിക്കുന്നു. ബി.ജെ.പിക്കെതിരേ പഴയ ശത്രുക്കളായ കോൺഗ്രസും ആംആദ്മി പാർട്ടിയും ഒന്നിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാൻ മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് സമീപകാല ശത്രുക്കളായ ആം ആദ്മിയെ കോൺഗ്രസ് കൂട്ടുപിടിച്ചത്.
ഡൽഹിയിൽ ഏഴ് ലോകസഭാ സീറ്റുകളിൽ നാലിടത്ത് ആംആദ്‌മി പാർട്ടിയും മൂന്നു സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, കിഴക്കൻ ഡൽഹി മണ്ഡലങ്ങളിൽ ആംആദ്‌മി പാർട്ടിയും ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ കോൺഗ്രസുമാണ് മത്സരിക്കുക. 2014 മുതൽ ഏഴ് മണ്ഡലങ്ങളും ബി.ജെ.പിയാണ് ജയിക്കുന്നത്.
ഡൽഹിയിൽ ഏറെക്കാലമായി ശത്രുതയിലാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും. 2013ൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്‌മിപാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ വന്നത് കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് സർക്കാരിനെ മറിച്ചിട്ടാണ്. അന്നു മുതലിങ്ങോട്ട് നിയമസഭാ-ലോക്‌സഭാ-കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ആംആദ്മിയും പൊരിഞ്ഞ പോരിലായിരുന്നു.
പത്ത് വർഷത്തിലേറെയായി നിലനിന്ന ശത്രുത അവസാനിപ്പിച്ചാണ് ഇരു പാർട്ടികളും ഒന്നിക്കുന്നത്. 2013ൽ അധികാരം നഷ്‌ടമായ കോൺഗ്രസിന് ഒരിക്കലും ഡൽഹിയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ആംആദ്മി പാർട്ടിക്ക് 2014, 2019 ലോക്‌സഭാ സീറ്റിൽ ഒന്നിൽ പോലും ജയിക്കാനുമായില്ല. അതായത് രണ്ടു പാർട്ടികളും കൈകോർക്കുന്നത് ഇരുകൂട്ടർക്കും ഗുണകരമായിരിക്കുമെന്ന് ചുരുക്കം.
ഡൽഹിയിൽ മാത്രമല്ല, ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡിഗഡ് എന്നിവിടങ്ങളിലും ആംആദ്മിയുമായി കൈകോർക്കുകയാണ് കോൺഗ്രസ്. ലക്ഷ്യം ഒന്നേയുള്ളൂ, ബി.ജെ.പിയെ തറപറ്റിക്കുക. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സീറ്റുധാരണയ്‌ക്കു ശേഷമുള്ള പ്രഖ്യാപനം പ്രതിപക്ഷ ‘ഇന്ത്യ’മുന്നണിക്കും ആത്മവിശ്വാസം നൽകുന്നതായി. ഗുജറാത്തിൽ 26സീറ്റുകളിൽ 24ൽ മത്സരിക്കുന്ന കോൺഗ്രസ് ബറൂച്ച്, ഭാവ്‌നഗർ എന്നിവ ആംആദ്‌മി പാർട്ടിക്ക് വിട്ടു കൊടുക്കും. ഹരിയാനയിൽ കുരുക്ഷേത്ര മണ്ഡലം ആംആദ്‌മി പാർട്ടിക്ക് നൽകി ബാക്കി ഒമ്പതിലും കോൺഗ്രസ് മത്സരിക്കും.
ഗോവയിലെ രണ്ട് സീറ്റുകളും ചണ്ഡീഗഢിലെ ഒരു സീറ്റിലും കോൺഗ്രസ് മത്സരിക്കാനും ആംആദ്‌മി പാർട്ടി വിട്ടു നിൽക്കാനും തീരുമാനിച്ചുഅതേസമയം തുല്ല്യശക്തികളായ ഇരു പാർട്ടികളും പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ആംആദ്മി പാർട്ടിക്ക് കഴിഞ്ഞ വർഷം ദേശീയപാർട്ടി ലഭിച്ചിരുന്നു. പഞ്ചാഞ്ചിലും ഡൽഹിയിലും ഭരണകക്ഷിയാവുകയും ഗോവയിലും ഗുജറാത്തിലും നിയമസഭാ സീറ്റുകൾ നേടുകയും ചെയ്തതോടെയാണ് ആംആദ്‌മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ പാർട്ടി പദവി നൽകിയത്. ആംആദ്‌മി ഗുജറാത്തിൽ 12 ശതമാനം വോട്ടോടെ അഞ്ച് സീറ്റും, ഗോവയിൽ ആറു ശതമാനത്തിൽ കൂടുതൽ വോട്ടോടെ രണ്ടു സീറ്റും നേടിയിരുന്നു.
ദേശീയ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം ലോക്സഭാ സീറ്റുകളിൽ രണ്ട് ശതമാനം സീറ്റുകളെങ്കിലും നേടണം. ഒരു സംസ്ഥാനത്ത് നിന്ന് നാല് എം.പിമാർക്കു പുറമേ ലോക് സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും മതി. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട പാർട്ടി അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ സ്ഥാനാർത്ഥികൾക്ക് പൊതുചിഹ്നം ലഭിക്കില്ല. അതിനാൽ തത്കാലം ഭീഷണിയില്ലെങ്കിലും ദേശീയപാർട്ടി പദവി നിലനിറുത്താനും ലോകസഭാ തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനം ആംആദ്മി പാർട്ടിക്ക് അനിവാര്യമാണ്.