ഡൽഹി: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ ഹനീഫ് ഷെയ്ഖിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 22 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ ബുസാവലില് നിന്നാണ് പോലീസ് പിടികൂടിയത്.
2002ൽ പിടികിട്ടാപ്പുള്ളിയായി ഡൽഹി കോടതി പ്രഖ്യാപിച്ച ഇയാൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സിമിക്കായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് തന്നെ തെരയുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ മുഹമ്മദ് ഹനീഫ് എന്ന പേരിൽ പലസ്ഥലത്തും മാറിമാറി താമസിക്കുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ഹനീഫ് ജോലിനോക്കുന്നതായും വിവരം ലഭിച്ചിരുന്നു. പിന്നീട് പോലീസ് തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു.