ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാരിനെ നയിക്കുന്നതിന് താന്‍ നോബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ആം ആദ്മി പാര്‍ട്ടി മേധാവിയും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. ‘വാട്ടര്‍ ബില്ലി’നെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവർ (ബിജെപി) ഡൽഹിയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും നിർമാണം തടയാൻ ശ്രമിച്ചു. പാവപ്പെട്ടവർക്കും അവരുടെ മക്കളുടെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ എങ്ങനെയാണ് ഭരണം നടത്തുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ. ഇതിന് എനിക്ക് നൊബേൽ സമ്മാനം ലഭിക്കണം”, കെജ്‌രിവാള്‍ പറഞ്ഞു.
കുടിശ്ശികയുള്ള വാട്ടർ ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നതിൽ നിന്ന് എഎപി സർക്കാരിനെ തടസ്സപ്പെടുത്തിയതിന് കേന്ദ്രത്തെ അദ്ദേഹം ആക്രമിച്ചു. കേന്ദ്രത്തെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥർ എഎപി സർക്കാരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്നില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു.