കോഴിക്കോട് മാനാഞ്ചിറ പാര്‍ക്ക് സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്ക്. 13 ആക്സസ് പോയിന്റുകള്‍ ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. സമീപത്ത് തന്നെയുള്ള എസ്.കെ പൊറ്റേക്കാട്ട് സ്‌ക്വയറില്‍ ഇരിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു.  
എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ മൂന്ന് വര്‍ഷം ബി.എസ്.എന്‍.എല്ലിനാണ് നടത്തിപ്പ് ചുമതല. പിന്നീട് ഇത് കോര്‍പറേഷന്‍ ഏറ്റെടുക്കും. മൊബൈല്‍ ഫോണിലെ വൈ ഫൈ സിഗ്‌നലുകളില്‍ നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന ലഭിക്കുന്ന വെബ് പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി get otp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
തുടര്‍ന്ന് മൊബൈല്‍ നമ്പറും പേരും എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം. ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ശൃംഖല, സെര്‍വര്‍ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മാനാഞ്ചിറ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എളമരം കരീം എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ബി.എസ്.എന്‍.എല്‍ ജി.എം സാനിയ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *