പത്തനംതിട്ട: ഓർത്തഡോക്സ് സഭ മാർത്തോമ്മൻ പൈതൃക സംഗമത്തിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരൻ പിള്ള എന്നിവരെ ക്ഷണിച്ചത് ഗവർണർമാരായത് കൊണ്ടാണെന്ന് ഡോ തോമസ് ഐസക്.
ഗവർണർമാർ പങ്കെടുക്കുന്നത് കൊണ്ട് ഓർത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിയ്ക്കാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. രണ്ട് മന്ത്രിമാരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ഓർത്തഡോക്സ് സഭ ഏതെങ്കിലും സ്ഥാനാർത്ഥിയെ ഔപചാരികമായി പിന്തുണയ്ക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും ഡോ തോമസ് ഐസക് പ്രതികരിച്ചു.
മനസാക്ഷിയ്ക്കനുസരിച്ചായിരിക്കും വിശ്വാസികൾ വോട്ട് ചെയ്യുക. സഭയുടെ താൽപ്പര്യം കൂടി വിശ്വാസികൾ കണക്കിലെടുക്കുമെന്നും ഡോ തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഓർത്തഡോക്സ് സഭ മാർത്തോമ്മൻ പൈതൃക സംഗമത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാനേയും പി എസ് ശ്രീധരൻ പിള്ളയേയും സഭാ നേതൃത്വം ഉദ്ഘാടകനായും മുഖ്യപ്രഭാഷകനായും ക്ഷണിച്ചത് സഭ ബിജെപിയോട് അടുക്കുന്നു എന്ന സൂചനയല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്.
വിശ്വാസികൾ ഇത്തവണ മനസാക്ഷിയ്ക്കനുസരിച്ച് വോട്ട് ചെയ്യും. പഴയത് പോലെ ഏതെങ്കിലും സ്ഥാനാർത്ഥിയ്ക്കായി സഭാ നേതൃത്വം വോട്ട് പിടിക്കുന്ന രീതി ഇപ്പോഴില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.