കോഴിക്കോട്: ഇന്ത്യ-മുസരിസ് ഹെറിറ്റേജ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എത്താതിരുന്നതില്‍ ഉദ്ഘാടകനായ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു. കേരളത്തില്‍ നടക്കുന്നത് വിദ്വേഷത്തിന്റെ വിളവെടുപ്പാണെന്നും വിവാദമാവുമെന്ന് ഭയന്നാവും പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കേണ്ട തങ്ങള്‍ എത്താതിരുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. മികച്ച അറബ്-കേരള ചരിത്രഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ ‘പായ്ക്കപ്പലി’ന്റെ രചയിതാവ് സയ്യീദ് ഹാഷിം ശിഹാബ് തങ്ങളെ ആദരിച്ചു. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, പി.കെ. കൃഷ്ണനുണ്ണി രാജ, എം.പി. ഷാഹുല്‍ ഹമീദ്, ഡോ. എ.കെ. അബ്ദുല്‍ ഖാദര്‍, ഒ. സ്‌നേഹരാജ്, കെ.എം. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
”ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ ബഹിഷ്‌കരിച്ചവരും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാതിരുന്നവരും കേരളത്തിലുണ്ട്. കേരളത്തില്‍നിന്ന് അദ്ദേഹത്തിന് വോട്ടു കിട്ടിയതുകൊണ്ടല്ല മോദി പ്രധാനമന്ത്രിയായത്. പക്ഷേ, മുമ്പ് ബഹിഷ്‌കരിച്ചവര്‍ പലരും അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയില്‍ കാത്തുകെട്ടിക്കിടക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വോട്ടല്ല പ്രശ്‌നം. പരസ്പരസൗഹൃദം വേണം. നമുക്ക് വിദ്വേഷമല്ല, സമന്വയമാണ് വേണ്ടത്. സ്‌നേഹത്തിന്റെ പങ്കിടലാണ് വേണ്ടത്. ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ത്തോമ്മ സംഗമത്തിലും മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ 75-ാം പിറന്നാളാഘോഷത്തിലും ഞാന്‍ പങ്കെടുക്കുന്നു.
പെന്തക്കോസ്ത് സഭയുടെ ഒരുലക്ഷംപേര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തു. അഞ്ചുമിനിറ്റ് അവര്‍ എഴുന്നേറ്റുനിന്ന് നരേന്ദ്രമോദിക്കായി പ്രാര്‍ഥിച്ചു. അവരാരും തന്നെ അകറ്റിനിര്‍ത്തുന്നില്ല. പാണക്കാട് കുടുംബവും കാന്തപുരവും തന്നെ മാറ്റിനിര്‍ത്തുന്നില്ല. സുപ്രഭാതം പത്രത്തില്‍ വര്‍ഷങ്ങളോളം പ്രതിഫലം പറ്റാതെതന്നെ എഴുതിയിട്ടുണ്ട്. വ്യത്യസ്തത വൈരുധ്യമല്ല, വൈവിധ്യമാണ്. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും മറ്റും ഒരുമിച്ചുചേരുന്നതാണ് ഇന്ത്യയുടെ കരുത്തെന്ന് അറിഞ്ഞിരിക്കണം” -ശ്രീധരന്‍പിള്ള പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *