ന്യൂഡൽഹി: 23 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുല മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ സിയാറ്റിൽ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ വർഷം ജനുവരി 23 ന് സിയാറ്റിൽ പോലീസ് ഓഫീസർ കെവിൻ ഡേവിൻ്റെ അമിതവേഗതയിലുള്ള കാർ ആന്ധ്രാപ്രദേശിൽ നിന്നുള്ള മാസ്റ്റേഴ്‌സ് വിദ്യാർത്ഥിനി ജാഹ്‌നവിയെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 120 കിലോമീറ്റർ വേഗതയിൽ എത്തിയ വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി 100 അടിയോളം അകലേക്ക് തെറിച്ചുവീണു. 
സംഭവം നടക്കുമ്പോള്‍ ഡേവിൻ്റെ സഹപ്രവർത്തകൻ ഡാനിയൽ ഓഡറർ ചിരിക്കുന്ന ബോഡിക്യാം ഫൂട്ടേജ്‌ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ  കുടുംബത്തിന് നീതി ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സിയാറ്റിൽ പോലീസ് അന്വേഷണം പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
“കോൺസുലേറ്റ് പെണ്‍കുട്ടിയുടെ  കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജാഹ്നവിക്കും അവളുടെ കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകും. ഉചിതമായ പരിഹാരത്തിനായി സിയാറ്റിൽ പോലീസ് ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളോട് ഞങ്ങൾ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കേസ് ഇപ്പോൾ സിയാറ്റിൽ സിറ്റി അറ്റോർണി ഓഫീസിലേക്ക് അവലോകനത്തിനായി റഫർ ചെയ്തിട്ടുണ്ട്. സിയാറ്റിൽ പോലീസിൻ്റെ അഡ്മിനിസ്ട്രേറ്റീവ് അന്വേഷണം പൂർത്തിയാകുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, കേസിൻ്റെ പുരോഗതി നിരീക്ഷിക്കുന്നത് തുടരും,” എംബസി പ്രസ്താവനയിൽ പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *