ഡൽഹി: ഗുജറാത്തിലെ കോൺഗ്രസ് – ആംആദ്മി പാർട്ടി സഖ്യത്തിനെതിരെ വിമർശനവുമായി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ. അഹമ്മദ് പട്ടേൽ വിജയിച്ചിരുന്ന ഭറൂച്ച് സീറ്റ് ആപ്പിന് വിട്ടുനൽകാൻ തീരുമാനിച്ചതോടെയാണ് മുംതാസ് രംഗത്ത് എത്തിത്.
മണ്ഡലം ആപ്പിന് കൈമാറിയതിൽ നിരാശയുണ്ടെന്ന് മുംതാസ് വ്യക്തമാക്കി. അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച് രംഗത്തെത്തി. ഈ തീരുമാനം എടുക്കരുതെന്നാണ് എന്റെയും പാർട്ടി പ്രവർത്തകരുടെയും ആഗ്രഹം എന്നാൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഫൈസൽ പറഞ്ഞു.
അതേസമയം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും തീരുമാനത്തിൽ നിരാശയുണ്ടെന്ന് സൂചനയുണ്ട്.1977 മുതൽ 1984 വരെ മൂന്നുതവണ അഹമ്മദ് പട്ടേൽ പ്രതിനിധീകരിച്ച മണ്ഡലമാണ് ഭറൂച്ച്. പിന്നീട് മണ്ഡലം കോൺഗ്രസിനെ കൈവിട്ടു.
കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളിൽ ഭറൂച്ചിൽ ബിജെപിയാണ് വിജയിക്കുന്നത്. എഎപിക്കുവേണ്ടി ചൈതർ വാസവ മത്സരരംഗത്തിറങ്ങിയേക്കും.