നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധങ്ങളുടെ കഥ പറയുന്ന അറബ് രാജ്യങ്ങളോട് ഇന്ത്യ നയതന്ത്രപരമായി കൂടതല്‍ അടുത്തതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇടക്കാലത്ത് രാജ്യത്തുണ്ടായ സംഭവവികാസങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയനിലപാടുകളും അറബ് രാഷ്ട്രങ്ങളെക്കൂടി ചൊടിപ്പിക്കുന്ന തരത്തിലാണ് എന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു.
എന്നാല്‍ അത്തരം വിടവുകള്‍ അറബ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയില്‍ വളരാതിരിക്കാനും ഒരുമയോടെ പോകാനും മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം വഴിയൊരുക്കി എന്നു കരുതുന്നതാണ് ശരി.
അബൂദബിയിലെ ഹിന്ദു ക്ഷേത്രം അവിടെയെത്തുന്ന ഹിന്ദുമത വിശ്വാസികളെ ലക്ഷ്യംവെച്ച് യുഎഇയുടെ ആവശ്യമാണ് എന്നു കരുതിയാല്‍പ്പോലും അതിന്റെ ഉദ്ഘാടത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ടു എന്നത് മോദിക്കു ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
യുഎഇക്കു ശേഷം ഖത്തറിലെത്തിയ പ്രധാനമന്ത്രി അവിടെ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന നാവികരുടെ കാര്യത്തില്‍ ഇടപെടുകയും അതില്‍ ഏഴ് പേരെ മോചിപ്പിക്കുന്നതില്‍ അനുകൂല തീരുമാനം എടുപ്പിക്കുകയും ചെയ്തു.
അറബ് രാജ്യങ്ങളുടെ സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമാവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നതാണ് മറ്റൊരു നേട്ടം. എണ്ണ ഉത്പാദനത്തെ മാത്രം അവലംബിച്ചുള്ള സാമ്പത്തിക സ്ഥിതി മാറ്റിയെടുക്കാന്‍ വിഷന്‍ 2030 എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച് നടപ്പില്‍വരുത്തി വരുകയാണ് സൗദി അറേബ്യ.
അവരുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ അരാംകോയെ ആഗോളതലത്തില്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി രാജകുമാരന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുകയതും ചെയ്തു.
ഇസ്ലാമിക് ബാങ്കിന്റെ ആസ്ഥാനമായി ബഹ്‌റൈന്‍ മാറിയിട്ടുണ്ട്. യുഎഇയില്‍ ടൂറിസം ഏറെ വികാസം പ്രാപിച്ചു. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ ഗള്‍ഫ് സന്ദര്‍ശനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗുണപരമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് എക്കണോമിക് കോറിഡൊര്‍, കുടിയേറ്റം, സുരക്ഷ, വ്യാപാരം ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ ഏറെ ഗുണപരമായ ചര്‍ച്ചകളും തീരുമാനങ്ങളാണ് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് സായിദ് അല്‍ നഹ്യാനുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായത്.
ഖത്തറുമായി 78 ബില്യണ്‍ ഡോളറിന്റെ പ്രകൃതി വാതകക്കടത്തിനുള്ള ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മാത്രമാണ് ഇന്ത്യ ഒപ്പുവെച്ചത്. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം.
യുഎഇയെ അപേക്ഷിച്ച് കൂടുതല്‍ കടുത്ത നിലപാടുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഖത്തറുമായി മികച്ച സൗഹൃദമുണ്ടാക്കാന്‍ ഇന്ത്യക്കു സാധിക്കുന്നു എന്നത് നയതന്ത്രപമരായി രാജ്യത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടും.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോഡോളറിന് അപ്പുറമുള്ള വാണിജ്യവും ഇന്ത്യയ്ക്ക് വിദേശ നിക്ഷേപവും വളര്‍ച്ചയ്ക്ക് പ്രധാന ഘടകങ്ങളാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുക എന്നത് ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചും പ്രധാനമാണ്.
യൂറോപ്യന്‍ രാജ്യങ്ങള അപേക്ഷിച്ച് ഇന്ത്യയില്‍ ഇക്കാര്യത്തില്‍ സാങ്കേതികത്വങ്ങളും കുറവാണ്. സൗദി അറേബ്യ പൊതുനിക്ഷേപ ഫണ്ട്, അബൂദബി മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി തുടങ്ങിയവയൊക്കെ വലിയ തോതിലുള്ള നിക്ഷേപം ഈയടുത്ത കാലത്തായി ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്.
2021ലെ മോദിയുടെ സന്ദര്‍ശനത്തിനുശേഷം 75 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് യുഎഇ ഇന്ത്യയില്‍ നടത്തിയത്. യുഎഇ ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ വ്യാപാര പങ്കാളിയായി മാറി.
ദുബായിലെ ഡിപി വേള്‍ഡ് ജമ്മു കാശ്മീരില്‍ വലിയ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ 100 ബില്യന്റെ നിക്ഷേപമാണ് സൗദിയുടെ ഓഫര്‍. യുഎഇയില്‍നിന്നും സൗദിയില്‍നിന്നും നേരത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി മോദിയെ തേടിയെത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് അവസരമൊരുക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ അദ്ദേഹത്തിന് അനുകൂലമായ ഒരു വികാരമുണ്ടാക്കി എന്ന് വിലയിരുത്തപ്പെടുന്നു. അത് ഇന്ത്യക്കാരില്‍ മാത്രമൊതുങ്ങുന്നില്ല, മറിച്ച് അറബികള്‍ക്കിടയിലുംകൂടി വ്യാപിച്ചു എന്നതാണ് അവിടെനിന്ന് ലഭിക്കുന്ന സൂചനകള്‍.
(എഴുത്ത്: രാജ മുനീബ്)

By admin

Leave a Reply

Your email address will not be published. Required fields are marked *