ഫെസ്റ്റിവല്‍ സീസണുകളില്‍ അല്ലാതെ ഒന്നിലധികം ചിത്രങ്ങള്‍ ഒരേസമയം മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ ആളെ കൂട്ടുന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയാണ് മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എത്തിയതോടെയാണ് ഈ തരംഗത്തിന് തുടക്കമായത്. ഫെബ്രുവരി 9 ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്.
ആറ് ദിവസങ്ങള്‍ക്കിപ്പുറം കെട്ടിലും മട്ടിലും പുതുമയുമായി, ഒപ്പം വേറിട്ട കഥാപാത്രമായി മമ്മൂട്ടിയും എത്തുന്ന ഭ്രമയുഗം തിയറ്ററുകളിലെത്തി. ഫെബ്രുവരി 15 നായിരുന്നു ഭ്രമയുഗത്തിന്‍റെ റിലീസ്. ഈ ചിത്രവും മികച്ച അഭിപ്രായം നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഒരു ടാഗ് രൂപപ്പെട്ടിരുന്നു. ഇരുചിത്രങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് പ്രേമയുഗം എന്നായിരുന്നു അത്. ഹോളിവുഡില്‍ ഓപ്പണ്‍ഹെയ്‍മറും ബാര്‍ബിയും ഒരേ സമയം തരംഗം തീര്‍ത്തപ്പോള്‍ ഉണ്ടായ ബാര്‍ബെര്‍ഹെയ്‍മര്‍ ടാഗിന്‍റെ മല്ലു വെര്‍ഷന്‍ ആയിരുന്നു പ്രേമയുഗം. തികച്ചും വ്യത്യസ്തമായ ജോണറുകളില്‍പ്പെടുന്ന രണ്ട് ചിത്രങ്ങള്‍ ഒരേപോലെ മികച്ച വിജയം നേടുമ്പോള്‍ ഇപ്പോഴിതാ മൂന്നാമതൊരു ചിത്രം കൂടി എത്തി വമ്പന്‍ അഭിപ്രായം നേടിയിരിക്കുകയാണ്.
യുവതാരനിരയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഇത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. സൂപ്പര്‍താര സാന്നിധ്യമില്ലാതെയെത്തി ചിത്രം നേടിയ പ്രീ റിലീസ് ബുക്കിംഗ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം എണ്ണം പറഞ്ഞ ചിത്രമെന്ന് അഭിപ്രായം വന്നതോടെ ആദ്യദിനം തന്നെ നിരവധി മിഡ്‍നൈറ്റ് സ്പെഷല്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ പ്രേമയുഗം എന്ന ടാഗ് ഒന്നുകൂടി വലുതാക്കിയിരിക്കുകയാണ് സിനിമാപ്രേമികള്‍. പ്രേമയുഗം ബോയ്സ് എന്നാണ് എക്സിലെ പുതിയ ശ്രദ്ധേയ ടാഗ്. ഭ്രമയുഗം നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര അടക്കമുള്ളവര്‍ ഈ ടാഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകളും സാധാരണ പ്രേക്ഷകരുമടക്കം മറുഭാഷകളില്‍ നിന്നുള്ളവരില്‍ നിന്നും മോളിവുഡിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മറ്റ് ഭാഷാ സിനിമകളിലൊന്നും ശ്രദ്ധേയ സിനിമകള്‍ വരാത്ത ഒരു വേളയില്‍ മികച്ച ഉള്ളടക്കവുമായി മലയാളം ഹാട്രിക് ഹിറ്റടിക്കുന്നതിലെ കൗതുകമാണ് അവരൊക്കെ പങ്കുവെക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *